തിരുവനന്തപുരം : മതമൈത്രിയുടെ പ്രതീകമായി തലസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ദേവാലയമാണ് പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രല്‍. ഒന്നര നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട് ഈ ലത്തീന്‍ ആരാധനാലയത്തിന്. സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിന്‍റെ ചരിത്രം തേടി പോവുകയാണെങ്കില്‍ ചെന്നെത്തുക ഓലമേഞ്ഞ ചെറിയൊരു ആരാധനാലയത്തിന്‍റെ മുന്നിലാകും.
1864 ല്‍ ദേവാലയത്തിന് ഔദ്യോഗികമായി തറക്കല്ല് ഇട്ടെങ്കിലും ചരിത്രം തുടങ്ങുന്നത് അതിനൊക്കെ മുമ്പാണ്. 1858ല്‍ ഓലകൊണ്ട് മറച്ച ചെറിയ കുടിലിനുള്ളില്‍ ആരാധന ആരംഭിച്ചായിരുന്നു തുടക്കം. 1858 മുതല്‍ 1873 വരെ ഈ കുടിലിലാണ് ആരാധന നടന്നിരുന്നത്.
പിന്നീട് 1864 ഒക്‌ടോബര്‍ 10ന് ഫ്രാന്‍സിസ് മിറാന്‍റ എന്ന വിദേശ മിഷനറി പള്ളിക്ക് തറക്കല്ലിട്ടു. 1873ല്‍ ഫാ. എമിജിയസിന്‍റെ കാലത്ത് ദേവാലയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. പിന്നീട് പല വര്‍ഷങ്ങളിലായി നടന്ന നിര്‍മാണങ്ങളുടെയും പുനരുദ്ധാരണങ്ങളുടെയും ഭാഗമായാണ് ഇന്ന് കാണുന്ന നിലയിലേക്ക് സെന്‍റ് ജോസഫ്‌സ് കത്തീഡ്രല്‍ ഉയര്‍ന്ന് പൊങ്ങിയത്.
നൂറ്റാണ്ടുകള്‍ നാദം മുഴക്കിയ ജോസഫും സേവ്യറും അലോഷ്യസും : ഗോഥിക് ശൈലിയിലുള്ള മണിമാളികൾക്ക് പുറമെ ജോസഫ്, സേവ്യർ, അലോഷ്യസ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന മൂന്ന് പള്ളിമണികൾക്കുo അൾത്താര രൂപങ്ങൾക്കും ദേവാലയത്തിന്‍റെ ചരിത്രത്തിനൊപ്പം തന്നെ പഴക്കമുണ്ട്. 1927ലാണ് മൂന്ന് വലിയ പള്ളിമണികള്‍ കത്തീഡ്രലില്‍ എത്തിയത്. ബെല്‍ജിയം സ്വദേശിയായ ഒരു വിശ്വാസിയുടെ സംഭാവനയായിരുന്നു ഇവ മൂന്നും. കപ്പല്‍മാര്‍ഗം എത്തിയ പള്ളിമണികള്‍ക്ക് ജോസഫ്, സേവ്യർ, അലോഷ്യസ് എന്നിങ്ങനെ പേരുകള്‍ നല്‍കി അവ പള്ളിക്കുള്ളില്‍ തന്നെ സ്ഥാപിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ നാദം മുഴക്കിയതിന്‍റെ ചരിത്രം പറയാനുണ്ട് ഈ പള്ളി മണികള്‍ക്ക്.
1933 ലാണ് ദേവാലയത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഗോഥിക് ശൈലിയിലുള്ള മണിമാളികകളുടെ നിര്‍മാണം. ഇതിന് മുമ്പ് 1912ല്‍ കത്തീഡ്രലിന്‍റെ തെക്കുവടക്ക് ഭാഗത്തായി കുരിശിന്‍റെ ആകൃതിയില്‍ ദേവാലയം വിപുലീകരിക്കുകയുണ്ടായി. അള്‍ത്താരയില്‍ ഇന്ന് കാണുന്ന ജോസഫ് പുണ്യാളന്‍റെ തിരുരൂപത്തിനും നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. 1921ല്‍ അന്നത്തെ വികാരിമാരില്‍ ഒരാളായിരുന്ന ഫാ. ബ്രൊക്കാര്‍ഡ് വിദേശത്ത് നിന്ന് എത്തിച്ചതാണ് പുണ്യാളന്‍റെ തിരു രൂപം.
ദേവാലയത്തിലെത്തുന്ന വിശ്വാസികളെ ആശിര്‍വദിക്കുന്ന തരത്തില്‍ കൈ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന യേശുവിന്‍റെ തിരു സ്വരൂപവും വിദേശത്തുനിന്നുള്ളതാണ്. ഇറ്റലിയില്‍ നിന്ന് എത്തിച്ചതാണിത്. യേശുവിന്‍റെ തിരുരൂപം മാത്രമല്ല, കത്തീഡ്രലിലെ മിക്ക തിരുരൂപങ്ങളും വിദേശി തന്നെ. കാലാന്തരത്തില്‍ സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിനും പലമാറ്റങ്ങള്‍ വന്നു. ഓല മേഞ്ഞ ദേവാലയം പിന്നീട് ചുവന്ന നിറത്തിലുള്ള കെട്ടിടത്തിലേക്ക് മാറി. 2010ല്‍ പൂര്‍ണമായും കത്തീഡ്രല്‍ പുനരുദ്ധരിച്ചതോടെ ചുവപ്പ് വെള്ള നിറത്തിന് വഴിമാറുകയായിരുന്നു.
പാളയം ജുമാ മസ്‌ജിദ്, സമീപത്തെ ഗണപതി ക്ഷേത്രം എന്നിവയ്‌ക്കൊപ്പം തലസ്ഥാനത്തിന്‍റെ മതമൈത്രിയുടെ പ്രതീകമായി നിലനില്‍ക്കുന്ന സെന്‍റ് ജോസഫ് കത്തീഡ്രലിന്‍റെ 150-ാമത് വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. ഡിസംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി.