തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മൊഴി ആവര്‍ത്തിച്ച് വി.കെ ഇബ്രാഹിം കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് തനിക്കെതിരെ നൽകിയ മൊഴി അസംബന്ധമാണെന്നാണ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വാദം.
കൂടുതല്‍ തെളിവ് ലഭിക്കാനുണ്ടെന്ന് പറഞ്ഞാണ് മുന്മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യലിന് വിജിലന്‍സ് വിളിച്ചുവരുത്തിയത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും ഈ മാസം 15ന് നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി മറ്റൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനായിരുന്നു വിജിലന്‍സിന്റെ തീരുമാനം. തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസില്‍ ഡി.വൈ.എസ്.പി കെ.ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് മണിക്കൂറോളം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്.