തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം ഈ സർക്കാരിന്റെ കാലത്ത് തന്നെ ശരിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. പാലത്തിന്‍റെ നിർമ്മാണ സാമഗ്രികളുടെ ക്വാളിറ്റി സംബന്ധിച്ച് ഒരു പരിശോധനയും നടന്നിട്ടില്ല. 37 കോടി ചെലവാക്കി പാലം തട്ടികൂട്ടുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തതെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം അപമാനം ഇനി ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ നടപടി സ്വീകരിക്കും. പാലം പൊളിച്ചു പണിയണമോ അറ്റകുറ്റകുറ്റപണി നടത്തണമോ എന്ന കാര്യം ഇ ശ്രീധരന്റെ റിപ്പോർട്ട് അനുസരിച്ച് തീരുമാനിക്കും. നിർമ്മാണ ക്രമക്കേടിനെ തുടർന്ന് ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലത്തെ സർക്കാർ ജാഗ്രതയോടെ തന്നെ പരിശോധിക്കുന്നതായും ജി സുധാകരൻ നിയമസഭയിൽ പറഞ്ഞു. പി കെ ബഷീർ, രാജു എബ്രഹാം എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.