തിരുവനന്തപുരം: കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് പാലാ ഉപതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകും. ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ വന്‍മുന്നേറ്റം യുഡിഎഫ് പാലായിലും ആവര്‍ത്തിക്കും.
വിശ്വാസ സമൂഹത്തെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവികാരം അതിശക്തമാണ്. സിപിഎം തെറ്റ് തിരുത്തല്‍ രേഖ കൊണ്ടുവന്നെങ്കിലും മുഖ്യമന്ത്രി ഇതില്‍ മൗനം തുടരുകയാണ്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പഴയ നിലപാട് തന്നെയാണോ ഇപ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശശി തരൂരിന്‍റെ മോദി അനുകൂല പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല.