തിരുവനന്തപുരം: ശ്രീപത്മനാഭ സ്വമിക്ഷേത്രം നാളെ തുറക്കില്ല. ജൂണ്‍ 30 വരെ ക്ഷേത്രം തുറക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന ഭരണ സമിതിയോഗം തീരുമാനിച്ചു. കൊവിഡ് 19 മഹാമാരി നിയന്ത്രണ വിധേയമല്ലാത്ത പശ്ചാത്തലത്തില്‍ ക്ഷേത്രം തുറക്കരുതെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് ക്ഷേത്രം തത്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.രതീശന്‍ പറഞ്ഞു. ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കരുതെന്ന തന്ത്രിസമാജം ഉള്‍പ്പെടെയുള്ള സംഘടനകളുടെ അഭിപ്രായവും കണക്കിലെടുത്തതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നതിന് ആരംഭിച്ച ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചു. ക്ഷേത്രം നാളെ തുറക്കുന്നതിനു മുന്നോടിയായി ക്ഷേത്രവും പരിസരങ്ങളും അണുമുക്തമാക്കുകയും ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെ 900 ഭക്തരെ ഒരു ദിവസം പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് ജൂണ്‍ 30 ലേക്ക് നീട്ടിയത്. സ്ഥിതിഗതികള്‍ പിന്നീട് വിലയിരുത്തി ജൂണ്‍ 30 നു ശേഷം പ്രവേശനം അനുവദിക്കുന്ന കാര്യം തീരുമാനിക്കും.