തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്‌ണന്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണം ഉണ്ടായതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സത്യവാങ്മൂലത്തില്‍ പുതിയ കാര്യങ്ങളൊന്നുമില്ല. നേരത്തേതന്നെ അന്വേഷണ ഏജന്‍സികള്‍ ഈ വിവരങ്ങളെല്ലാം പരിശോധിക്കുകയും, തന്‍റെ മൊഴിയെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തതാണ്. ഷാര്‍ജ ഷെയ്ഖുമായോ കോണ്‍സുലേറ്റ് ജനറലുമായോ തനിക്ക് വ്യക്തിപരമായ ഒരു ബന്ധവുമില്ല.
Also Read സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്: അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കേരളത്തേക്കാള്‍ മൂന്നിരിട്ടി വരുമാനമുള്ള ഷാര്‍ജയുടെ ഷെയ്ഖിന് എന്തിനാണ് തന്‍റെ കൈക്കൂലി. മിഡില്‍ ഈസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ഇടപെട്ടുവെന്ന ആരോപണവും അദ്ദേഹം തള്ളി. സ്വപ്‌ന പറയും പോലൊരു കോളജ് ഷാര്‍ജയില്‍ ഇല്ല. ഇതിനായി ഭൂമി ലഭിച്ചിട്ടില്ലെന്നും ശ്രീരാമകൃഷ്‌ണന്‍ വ്യക്തമാക്കി.
ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്‌ണന്‍ ഇടപെട്ടുവെന്നും ഇതിനായി ഷാര്‍ജയില്‍വച്ച് ഭരണാധികാരിയെ കണ്ടുവെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സുലേറ്റ് ജനറലിന് കൈക്കൂലി നല്‍കിയെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം.