തിരുവനന്തപുരം: പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ കാര്യങ്ങളും ഏകകണ്ഠമായിട്ടാണ് അംഗീകരിച്ചിട്ടുള്ളത്. അതിന് വിരുദ്ധമായി വന്നിട്ടുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ ഒരു വിവാദവുമില്ല. ഒരു പ്രശ്‌നത്തെ അടിസ്ഥാനപ്പെടുത്തി ഒരു നടപടി എടുത്താല്‍ അത് ആജീവനാന്തം തുടരുന്നതല്ല പാര്‍ട്ടി രീതിയല്ല. ഒരിക്കല്‍ പുറത്താക്കി എന്നതുകൊണ്ട് അയാള്‍ ആജീവനാന്തകാലം പുറത്താക്കപ്പെടേണ്ടതാണ് എന്നത് തെറ്റായ ധാരണകളാണ്. മനുഷ്യരായി ജനിച്ചവര്‍ക്ക് തെറ്റുകള്‍ സംഭവിക്കും. തെറ്റുപറ്റാത്തവരായി ആരുമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക്, ചില പിശകുകളോ തെറ്റുകളോ സംഭവിച്ചേക്കാം -ഇപി ജയരാജന്‍ പറഞ്ഞു
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിക്കുന്നതിനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പി. ശശിക്ക് നിയമനം നല്‍കുന്നത് എന്തിന്‍റെ പേരിലാണെന്നതു വിശദീകരിക്കണം എന്നായിരുന്നു പി ജയരാജന്‍റെ ആവശ്യം.
സമകാലിക സംഭവവികാസങ്ങളിൽ മുസ്‌ലിം സമുദായത്തിൽ വലിയ ആശങ്കയുണ്ട്. അതിന്‍റെ പ്രതിഫലനം മുസ്‌ലിം ലീഗിലുമുണ്ട്. യുഡിഎഫിന്‍റെ നടപടികളിൽ ലീഗിനുള്ളില്‍ വലിയ സമ്മർദമുണ്ട്. മുസ്‌ലിം ലീഗ് നിലപാട് വ്യക്തമായാൽ എൽഡിഎഫും നിലപാട് അറിയിക്കുമെന്നും ജയരാജൻ പറഞ്ഞു.