തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയില്‍ 46 പരാതികള്‍ക്ക് തീര്‍പ്പുണ്ടായതായി വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മന്ത്രി നേരിട്ട് പരിഹാരം നിര്‍ദേശിക്കുകയും അടിയന്തര നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. പരിഹരിക്കാന്‍ കഴിയാതെ പോയ പരാതികളില്‍ സമയബന്ധിത പരിശോധന നടത്തി തീരുമാനമെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.
തിരുവനന്തപുരത്ത് ആകെ 103 പരാതികൾ
തിരുവനന്തപുരം ജില്ലയിലെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയില്‍ 103 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 86 പരാതികൾ ഇ-മെയിലായും 17 പരാതികൾ പരിപാടി നടന്ന വേദിയിലും ലഭിച്ചു. പരിപാടിയില്‍ 62 പേര്‍ നേരിട്ടു പങ്കെടുത്ത് മന്ത്രിയെ പരാതി ബോധിപ്പിച്ചു. ഇതില്‍ 46 എണ്ണം തീര്‍പ്പാക്കി. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട പരാതികളാണ് തീര്‍പ്പാക്കാന്‍ കഴിയാതിരുന്നവയില്‍ അധികവും ഉണ്ടായിരുന്നത്. ഇവ ലീഡ് ബാങ്ക് പ്രതിനിധിക്കു കൈമാറി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.
മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്കായി പുതിയ വെബ് പോര്‍ട്ടല്‍
വ്യവസായങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനുമായി ജില്ലാ-സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗങ്ങളില്‍ വ്യവസായ വകുപ്പിന്‍റെ പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിപാടിയില്‍ മന്ത്രി അറിയിച്ചു. പരിഹരിക്കാന്‍ കഴിയാതെ പോയതില്‍, ഉന്നതതല തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ പരാതിക്കാരനുമായും ബന്ധപ്പെട്ട വകുപ്പിന്‍റെ ജില്ലാതല ഉദ്യോഗസ്ഥനുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ സംസാരിച്ചു തീരുമാനമെടുക്കും.
ജില്ലകളില്‍ നടക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായി പുതിയ വെബ് പോര്‍ട്ടല്‍ തുറക്കുമെന്നു മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി പരാതികള്‍ സ്വീകരിക്കാനും സമയബന്ധിതവും സുതാര്യവുമായി ഇവയില്‍ തീരുമാനമെടുക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
READ MORE: സംരംഭകരെ കേള്‍ക്കാന്‍ വ്യവസായമന്ത്രി ; 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി ജൂലൈ 15 മുതല്‍