തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ ദിശ തെറ്റിയെന്നും അരാജകത്വം സൃഷ്‌ടിച്ച് നിയമസഭ സമ്മേളനം പ്രതിപക്ഷം തടയുകയാണെന്നും മന്ത്രി പി രാജീവ്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്‌പീക്കറുടെ ഓഫിസിനു മുന്നിൽ ഭരണ- പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുകയും പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്‌ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രവൃത്തിയാണ് പ്രതിപക്ഷം നടത്തുന്നത്. അരാജകത്വമല്ല ജനാധിപത്യത്തിന്‍റെ മുഖമുദ്ര. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും പി രാജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പക്വതയില്ലാത്ത പ്രവർത്തനങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ആദ്യമായിട്ടാണ് സ്‌പീക്കറുടെ ഓഫിസ് ഉപരോധിച്ചത്.
സ്‌പീക്കർ എ എൻ ഷംസീറിനെതിരെ മോശം പദപ്രയോഗങ്ങൾ നടത്തി. പ്രതിപക്ഷ നേതാവ് മറ്റുള്ളവരുടെ കുടുംബങ്ങൾക്കെതിരെ വരെ മോശം പരാമർശം നടത്തുന്നു. ഇത് തരംതാഴ്ന്ന നിലപാടാണ്. തുടർച്ചായി പ്രതിപക്ഷത്ത് ഇരിക്കുന്നതിന്‍റെ അസ്വസ്ഥതയാണ് നേതാക്കൾക്ക്. പ്രതിപക്ഷം ബ്രഹ്മപുരം വിഷയത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ പരിഹാരം കണ്ടതോടെ ഉന്നയിക്കാൻ വിഷയങ്ങൾ ഒന്നുമില്ലാതെയായി.
ബ്രഹ്മപുരത്തെ തീയണച്ചതിന് പ്രതിപക്ഷത്തിന് മറുപടിയില്ല. ഉത്തരവാദിത്തമില്ലാതെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് തയ്യാറാക്കുന്നത്. കേരളത്തിൽ ആകെ പ്രശ്‌നം ആണെന്ന് വരുത്തിത്തീർക്കാനുള്ള ചില ശ്രമങ്ങൾ ആണിത്. കുറച്ചുകൂടി ഉയർന്ന ജനാധിപത്യ ബോധമുള്ള പ്രതിപക്ഷത്തെ കേരളീയ സമൂഹം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ മർദിച്ചതായി ആരോപണമുയർന്നിരുന്നു. എന്നാൽ തന്നെ അക്രമിച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയെന്നും മന്ത്രി പി രാജീവ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ഓഫിസിന് മുന്നിൽ ഏറ്റുമുട്ടൽ: തുടർച്ചയായി രണ്ടാം ദിവസവും തങ്ങളുടെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയ സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് രാവിലെ പത്തരയോടെയായിരുന്നു സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ഓഫിസിനു മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്‌പീക്കറുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് സ്‌പീക്കർ ഓഫിസിനു മുന്നിലൂടെ വലിച്ചിഴച്ചതായും പരാതിയുണ്ട്.
മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ മർദിച്ചതായി ആരോപണമുണ്ട്. വാച്ച് ആൻഡ് വാർഡിന്‍റെ മർദനമേറ്റതായി പരാതി ഉയർന്ന സനീഷ് കുമാർ ജോസഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കെ കെ രമ, ടിവി ഇബ്രാഹിം, എ.കെ.എം അഷറഫ്, എം.വിൻസെന്‍റ് എന്നിവർക്കും പരിക്കേറ്റതായി പരാതിയുണ്ട്.
നിയമസഭയിൽ മിനിട്ടുകളോളം വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും ഏറ്റുമുട്ടി. ഇതിനിടെ മറുഭാഗത്ത് സഭ നടപടികൾ വേഗത്തിലാക്കി ചേംബറിൽ നിന്ന് ഓഫിസിലേക്കു വന്ന സ്‌പീക്കർക്ക് ഭരണപക്ഷം സംരക്ഷണമൊരുക്കി. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടെ എം.വിൻസെന്‍റ്, സിആർ മഹേഷ്, സനീഷ് കുമാർ ജോസഫ്, ടിവി ഇബ്രാഹിം, കെ കെ രമ എന്നിവരെ വാച്ച് ആൻ വാർഡ് വലിച്ചിഴച്ച് ഓഫിസിനു മുന്നിൽ നിന്ന് മാറ്റി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്തിയതോടെ വാച്ച് ആൻഡ് വാർഡ് പിൻവാങ്ങി. പരിക്കേറ്റ എംഎല്‍എമാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.