തിരുവനന്തപുരം : ഭരണഘടന ചുമതലയില്‍ ഉള്ളവര്‍ക്ക് അവരുടെ അധികാരത്തെ കുറിച്ച് ധാരണ വേണമെന്ന് നിയമ മന്ത്രി പി രാജീവ്. പൊതുജനാരോഗ്യ ബില്‍ അടക്കമുളളവ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം.
ജനാധിപത്യ സംവിധാനത്തില്‍ നിയമസഭയ്ക്കാണ് നിയമ നിര്‍മ്മാണ അധികാരം. എന്നാല്‍ നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണ്. ഇത് ഭരണഘടനാപരമായ നടപടിയല്ല. പൊതുജനാരോഗ്യ ബില്‍ അടക്കമുളള ബില്ലുകള്‍ സെലക്‌ട് കമ്മിറ്റിയടക്കം വിശദമായി പരിശോധിച്ചതാണ്. ജനങ്ങളെ പങ്കെടുപ്പിച്ച് ഹിയറിങ്ങും നടത്തിയിരുന്നു.
അതിന്‍റെ കൂടി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നിയമസഭ ബില്‍ പാസാക്കിയത്. ഈ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുന്നത് ജനാധിപത്യപരമല്ല. ബില്‍ ഒപ്പിടുകയോ തിരികെ നിയമസഭയ്ക്ക് അയക്കുകയോ ചെയ്യണമെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കണം. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല.
കോടതിയെ സമീപിക്കും : ഇത് അസാധാരണമായ രീതിയാണ്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. ഗവര്‍ണറുടെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുകയാണ്. പരമാവധി ഗവര്‍ണറുമായി ധാരണയില്‍ പോകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ ഈ നടപടി ഗുരുതര സാഹചര്യമാണ് സൃഷ്‌ടിക്കുന്നത്.
സര്‍ക്കാരിന് ഇത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലടക്കം ഗവര്‍ണര്‍ തടസം സൃഷ്‌ടിക്കുകയാണ്. യുജിസി മാനദണ്ഡം അനുസരിച്ചാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രീയ താത്പര്യം വച്ച് ഇത് അംഗീകരിക്കുന്നില്ല.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇത് ബാധിക്കുകയാണ്. ഗവര്‍ണർ ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങള്‍ കൂടി പരിഗണിച്ചാകണം വിമര്‍ശനം. ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല. സര്‍ക്കാര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല.
എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ നിയമ നടപടിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. നിയമപരമായ പരിഹാരം തേടാതെ കഴിയില്ല എന്ന സാഹചര്യം വന്നാല്‍ കോടതിയെ സമീപിക്കും. അത് എങ്ങനെ വേണമെന്നത് സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പമുണ്ടാക്കുന്നു : ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് സ്വീകരിക്കാതെ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അഖിലേന്ത്യ നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല.
സിപിഎമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്ന ശ്രമമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്.
പിന്നീട് ഈ ആവശ്യം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുകയായിരുന്നു. എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ നടപടികളുണ്ട്. അത് പാലിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഏക സിവില്‍ കോഡെന്ന പ്രധാന വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
അതിനാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. സിപിഎം ഒരു കാലത്തും മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. ഉയരുന്ന വിഷയത്തില്‍ സാഹചര്യം അനുസരിച്ചാണ് നിലപാട് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.