തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി കെ വേലായുധന്റെ ഭാര്യ ഗിരിജയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. തിരുവനന്തപുരം നഗരസഭയുടെ കല്ലടിമുഖത്തെ ഭവന സമുച്ഛയത്തിലാണ് ഗിരിജ വേലായുധന് സർക്കാർ വീട് നൽകിയത്. താക്കോൽ ദാനം മന്ത്രി എ കെ ബാലൻ നിർവ്വഹിച്ചു. ചെറുപ്പകാലത്ത് അമ്മയെ കുടിയിറക്കിയ രംഗമാണ് ഗിരിജയുടെ ദയനീയത മനസ്സിലാക്കിയപ്പോൾ ഓർമ്മ വന്നതെന്ന് എ കെ ബാലൻ പറഞ്ഞു.
ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് കൂടുവിട്ട് മതിയായെന്നും മന്ത്രി ഇടപെട്ട് എങ്ങനെയെങ്കിലും സ്ഥിരതാമസത്തിന് ഒരു വീട് വാങ്ങിത്തരണമെന്നുമുള്ള അപേക്ഷയുമായാണ് ഗിരിജ തന്റെ മുന്നിലെത്തിയത്. അവരുടെ മുഖം കാണുമ്പോള്‍ അമ്മയുടെ മുഖമാണ് ഓർമ്മ വന്നതെന്ന് പറഞ്ഞ് മന്ത്രി വികാരാധീനനായി.ലൈഫ് പദ്ധതിയിലുൾപ്പെടുത്തി പെട്ടെന്ന് വീട് അനുവദിക്കാൻ സാങ്കേതിക തടസ്സമുണ്ടായതിനാലാണ് നഗരസഭയിൽ നിന്നും നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
കെ കരുണാകരൻ മന്ത്രിസഭയിൽ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്നു പി കെ വേലായുധൻ രണ്ട് പ്രാവശ്യം എൽഎൽഎയും ആയിരുന്നു. പികെ വേലായുധന്റെ മരണശേഷം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശാരീരിക അവശതകൾ കൂടിയായതോടെയാണ് സ്ഥിരതാമസത്തിന് വീടെന്ന മോഹവുമായി മന്ത്രിയെ സമീപിച്ചത്. വീട് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഗിരിജ വ്യക്തമാക്കി.