തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്‌തത് ജനകീയ പ്രശ്‌നങ്ങളെ സർക്കാർ അടിച്ചമർത്തുന്നു എന്നതിന് ഉദാഹരണമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ഗുരുതരമായ പ്രശ്‌നം പരിഹരിക്കാനാണ് യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. ഗുരുതര നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ല.
ചില്ലറ അനിഷ്‌ട സംഭവങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളു. അടിച്ചമർത്തൽ നടപടി കൊണ്ട് ഒരു സർക്കാരും തുടരില്ല. 28 പേർ ദിവസങ്ങളായി ജയിലിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൻ്റോൺമെന്‍റ് സ്റ്റേഷനിലെത്തി പി കെ ഫിറോസിനെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. യൂത്ത് ലീഗ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരത്തിലെ സംഘർഷത്തിന്‍റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഇന്ന് ഉച്ചയോടെ പാളയത്തുവച്ചാണ് കൻ്റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കേസിൽ 28 പേർ നിലവിൽ റിമാൻഡിലാണ്. അൽപസമയത്തിനകം പി കെ ഫിറോസിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഒന്നാം പ്രതിയാണ് ഫിറോസ്. സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറിൽ പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു.
സമീപത്ത് സമരം നടത്തിയിരുന്ന സാക്ഷരതാപ്രേരക് ജീവനക്കാർക്കും കണ്ണീർവാതക ഷെൽ വീണു പരുക്കേറ്റു. സാക്ഷരത പ്രേരകുമാരായ പാലക്കാട് സ്വദേശി പുഷ്‌പ, കൊല്ലം സ്വദേശി ഷീജ, എറണാകുളം സ്വദേശി ജയ, തിരുവനന്തപുരം സ്വദേശി സൂസി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. സെക്രട്ടേറിയറ്റിനു മുൻവശം അരമണിക്കൂറിലധികം സംഘർഷമായിരുന്നു.
also read: സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍
സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്‍റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞത്. സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്. കൊവിഡിൻ്റെ മറവിൽ സർക്കാർ അഴിമതി നടത്തിയെന്നാണ് യൂത്ത് ലീഗിന്‍റെ ആരോപണം.