തിരുവനന്തപുരം : പി ശശിയുടെ നിയമനത്തിൽ സിപിഎമ്മിൽ എതിർപ്പ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ശശിയെ നിയമിച്ചതിൽ പി.ജയരാജൻ എതിർപ്പറിയിച്ചു. നിയമനം തീരുമാനിച്ച സംസ്ഥാന സമിതി യോഗത്തിലാണ് പി ജയരാജൻ വിയോജിപ്പ് വ്യക്തമാക്കിയത്.
ശശി ചെയ്‌ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നായിരുന്നു ജയരാജന്‍റെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫിസിലെ നിയമനത്തിൽ ജാഗ്രതയും സൂക്ഷ്‌മതയും വേണം. മുമ്പ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങൾ ആവർത്തിച്ചാൽ അത് മുഖ്യമന്ത്രിയുടെ ഓഫിസിനെ ബാധിക്കുമെന്നും ജയരാജൻ പറഞ്ഞു.
വിവരങ്ങൾ നേരത്തെ അറിയിക്കണമായിരുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വിമർശനത്തിന് മറുപടി നൽകിയത്. സംസ്ഥാന സമിതിയംഗമായ താൻ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് തന്‍റെ അഭിപ്രായങ്ങൾ പറയുന്നതെന്ന് പി ജയരാജനും മറുപടി നൽകി. ജയരാജന്‍റെ വിമർശനം നിലനിൽക്കെ തന്നെയാണ് ശശിയെ നിയമിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചത്.
ALSO READ പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; കൈരളി ചാനലിൻ്റെ ചുമതല കോടിയേരി ബാലകൃഷ്ണന്
കണ്ണൂരിൽ ഒരു കാലത്ത് ഏറെ ശക്തനായ നേതാവായിരുന്നു പി.ശശി. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് 2011 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഏഴ് വർഷങ്ങൾക്ക് ശേഷം 2018 ലാണ് ശശിയെ പാർട്ടിയിൽ തിരിച്ചെടുത്തത്. ശശിക്കെതിരായ വിമർശനം കണ്ണൂരിൽ നിന്ന് തന്നെയുണ്ടായി എന്നതും ശ്രദ്ധേയമാണ്.