തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഉത്തരവ്. പട്ടികജാതി - പട്ടികവര്‍ഗ കമ്മിഷനാണ് ഉദ്യോഗസ്ഥയായ രജിതയ്‌ക്കെതിരെ ഇത്തരമൊരു നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.
പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണം. പൊലീസ് സേനയുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ച നടപടിയാണ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും കമ്മിഷന്‍ വിലയിരുത്തി. തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയുമാണ് രജിത പൊതുനിരത്തില്‍ അപമാനിച്ചത്.
ALSO READ : 'ബിസിനസ് നടത്താനാണെങ്കിൽ ജനപ്രതിനിധിയായി തുടരേണ്ടതില്ല'; പിവി അൻവറിനെതിരെ പ്രതിപക്ഷം
ഇവര്‍ തന്‍റെ മൊബൈല്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. എന്നാല്‍, മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തി. ഇത് വിവാദമായതോടെ രജിതയെ റൂറല്‍ എസ്.പി. ഓഫിസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
എന്നാല്‍, ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബം കമ്മിഷന് പരാതി നല്‍കി. നടപടി ആവശ്യപ്പെട്ട് ജയചന്ദ്രനും കുടുംബവും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരവും നടത്തിയിരുന്നു.
ഓഗസ്റ്റില്‍ ഐ.എസ്.ആര്‍.ഒ.യിലേക്ക് ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാന്‍ ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയപ്പോഴാണ് ജയചന്ദ്രനും മകളും അപമാനിതരായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.