തിരുവനന്തപുരം : കൊവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ യഥാര്‍ഥ വിവരം മറച്ചുവയ്ക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. ഇതുസംബന്ധിച്ച വിവരാവകാശ രേഖ പുറത്തുവിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.
മരണക്കണക്കിൽ തട്ടിപ്പെന്ന് ആരോപണം
വിവരാവകാശ മറുപടി പ്രകാരം സര്‍ക്കാര്‍ നല്‍കിയ രേഖയില്‍ 2020 ജനുവരി മുതല്‍ 2021 ജൂലൈ 23 വരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ 23,486 ആണ്.
എന്നാല്‍ ഇന്നലെ മുഖ്യമന്ത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ആകെ കൊവിഡ് മരണം 16,170 എന്നാണ്. 7360 മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവച്ചെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
ALSO READ: ഇടത് കൈകൊണ്ട് ഫൈൻ വാങ്ങി വലത് കൈകൊണ്ട് കിറ്റ് നൽകും; സർക്കാരിനെതിരെ പ്രതിപക്ഷം
കെപിസിസി സെക്രട്ടറി സി.ആര്‍. പ്രാണകുമാര്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയ മറുപടിയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയത്.
നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയുടെ ഇറങ്ങിപ്പോക്ക് പ്രസംഗം നടത്തുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് വിവരാവകാശ രേഖ പുറത്തുവിട്ടത്.
മരണക്കണക്കില്‍ കേരളം ഏറെ പിന്നിലാണെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ യഥാര്‍ഥ കണക്കുകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന് പ്രതിപക്ഷം ഏറെ നാളായി ആരോപണമുന്നയിച്ച് വരികയാണ്.