തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ നിയമസഭയിൽ മൗനം പാലിച്ച് പ്രതിപക്ഷം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പണം കൈപറ്റിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നതോടെയാണ് പ്രതിപക്ഷത്തിന്‍റെ മൗനം. മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ഉയർന്ന മാസപ്പടി വിവാദം ഇന്ന് തന്നെ സഭയിൽ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിൻ്റെ ആദ്യ തിരുമാനം.
വീണ വിജയന്‍റെ പേരിൽ ഉയർന്ന മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ച് മുഖ്യമന്ത്രി പിന്നറായി വിജയനെ ഉത്തരം മുട്ടിക്കാനായിരുന്നു പ്രതിപക്ഷത്തിൻ്റെ ആദ്യ നീക്കം. അടിയന്തര പ്രമേയത്തിന് പിന്നാലെ വിഷയം സഭയിൽ കൊണ്ടുവരാനായിരുന്നു ശ്രമം. എന്നാല്‍ പണം കൈപറ്റിയവരുടെ കൂട്ടത്തിൽ മുൻ മുഖ്യമന്ത്രിയുടെയും മുൻ പ്രതിപക്ഷ നേതാവിന്‍റെയും ഉൾപ്പടെ പേരുകൾ ഉയർന്നതോടെയാണ് പ്രതിപക്ഷം ഈ നീക്കത്തില്‍ നിന്നും പിന്തിരിഞ്ഞത്.
അതേസമയം വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ നേരത്തെ സഭയിൽ ആക്ഷേപം ഉന്നയിച്ച മാത്യു കുഴൽ നാടൻ തന്നെ മാസപ്പടി വിവാദവും സഭയിൽ ഉന്നയിക്കട്ടെ എന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ധാരണ. പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്‌ത് വിഷയം ഉന്നയിക്കുമെന്ന് മാത്യു കുഴൽനാടനും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഒടുവിൽ തീരുമാനത്തിൽ നിന്നും പ്രതിപക്ഷം പിന്നോട്ടു പോവുകയായിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവരുടെ പേരുകൾ കൂടി പുറത്തു വന്നതാണ് പ്രതിപക്ഷ നിരയെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്. തുടർ നടപടികൾ ആലോചിച്ച് മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം. രേഖകൾ പരിശോധിച്ച് കൂടുതൽ വ്യക്തത വരുത്തി, നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും വിഷയം സഭയിൽ ഉന്നയിക്കുക.
വീണയ്‌ക്കെതിരെ മാസപ്പടി വിവാദം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്‌ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ലഭിച്ചെന്നായിരുന്നു ഉയർന്നുവന്ന ആരോപണം. ഇത് സർക്കാറിനെതിരെ ആയുധമാക്കാൻ ആയിരുന്നു പ്രതിപക്ഷത്തിന്‍റെ നീക്കം. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്ക്ക് നിയമവിരുദ്ധമായി മാസപ്പടി ഇനത്തിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസ് ഐ ടി, മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ സിഎംആർഎല്ലിന് നൽകാമെന്ന കരാറിലാണ് മാസം തോറും പണം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇതുവരെ യാതൊരു സേവനങ്ങളും കമ്പനി നൽകിയിട്ടില്ലെന്നാണ് സിഎംആർഎൽ എംഡി എസ് എൻ ശശിധരൻ കർത്ത ആദായ നികുതി വകുപ്പിന് നൽകിയിരിക്കുന്ന മൊഴി.
ഇതേ തുടർന്ന് വീണ കൈപ്പറ്റിയ തുക നിയമവിരുദ്ധ പണമിടപാടാണെന്ന് ആദായ നികുതി ഇന്‍ററിം സെറ്റൽമെന്‍റ് ബോർഡിന്‍റെ ന്യൂഡൽഹി ബെഞ്ച് തീർപ്പ് കല്‍പ്പിക്കുകയായിരുന്നു. പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്‍റെ പേരിലാണ് പണം നൽകിയതെന്നുമാണ് ബെഞ്ചിന്‍റെ കണ്ടെത്തൽ. 55 ലക്ഷം രൂപ വീണയ്ക്കും 1.17 കോടി രൂപ എക്സാലോജിക്കിനും ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ബിസിനസ് ചെലവുകൾക്ക് പണം നൽകുന്നത് നിയമപ്രകാരം അനുവദനീയമാണെങ്കിലും കമ്പനിക്ക് സേവനങ്ങൾ ഒന്നും ലഭ്യമായതിന്‍റെ തെളിവുകൾ ലഭിക്കാത്തതിനാൽ വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്‍റെ ഗണത്തിൽ പെടുന്നതാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഈ വാദം അംഗീകരിച്ചാണ് ബെഞ്ചിന്‍റെ വിധി.