തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച നിയമസഭ വീണ്ടും ചേരുന്നു. പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടത്തളത്തിലിറങ്ങിയതോടെയാണ് സ്പീക്കര്‍ സഭ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്.
നികുതി വർധനവിനെതിരെയാണ് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചത്. സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷം ബഹളം തുടങ്ങി. 'ജനകീയ സമരത്തെ പൊലീസ് അടിച്ചമർത്തുന്നു', 'ജനത്തെ ബന്ധിയാക്കി മുഖ്യമന്ത്രിയുടെ യാത്ര' തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തിയത്.
ചോദ്യോത്തരവേള തടസ്സപ്പെടുത്താതെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായി നടക്കുന്ന പ്രതിഷേധം സഭയ്ക്കുള്ളിലും പ്രതിപക്ഷം തുടർന്നു. കറുത്ത ഷര്‍ട്ടണിഞ്ഞാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിലും മാത്യു കുഴൽനാടനും സഭയിൽ എത്തിയത്. പ്ലക്കാർഡുകൾ ഉയർത്തിയെങ്കിലും സഭ നടപടികളുമായി പ്രതിപക്ഷം സഹകരിച്ചു.