തിരുവനന്തപുരം: നിയമസഭയിലെ വിവാദ പരാമർശത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരെ പരാതിയുമായി പ്രതിപക്ഷം. അനില്‍ അക്കര എംഎല്‍എയ്ക്കെതിരായ മന്ത്രിയുടെ 'കള്ള റാസ്ക്കല്‍' പരാമർശം സഭ നടപടികളുടെയും മാന്യതയുടെയും ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പാഠശാലയിലേക്ക് അയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റെക്കോഡുകൾ പരിശോധിച്ച് സ്പീക്കർ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചത് ദൗർഭാഗ്യകരമെന്നും ചെന്നിത്തല ആരോപിച്ചു.