തിരുവനന്തപുരം: നിയമസഭ ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടിസ് സംബന്ധിച്ച് വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ സഭ നടപടികളുമായി സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് സംബന്ധിച്ച് സ്‌പീക്കർ സഭയിൽ നൽകിയ റൂളിങ്ങില്‍ അവ്യക്തതയുണ്ട്.
ചട്ടം 50 സംബന്ധിച്ച് മുൻപ് ഉണ്ടായിരുന്ന കീഴ്വഴക്കം തുടരണം. പ്രതിപക്ഷത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് സ്‌പീക്കര്‍ റൂളിങ്ങില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പഴയപോലെ അടിയന്തര നോട്ടിസ് അനുവദിക്കാനാകില്ലെന്നാണ് സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ചട്ടം 50 സംബന്ധിച്ച് ഇപ്പോൾ സർക്കാരിന് കീഴടങ്ങിയാൽ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന സാഹചര്യമുണ്ടാകും.
ഈ സാഹചര്യത്തിൽ സഭ നടപടികളുമായി സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തുകൊണ്ടാണ് സർക്കാർ അടിയന്തര പ്രമേയങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്. സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും സതീശൻ ചോദിച്ചു. ഷാഫി പറമ്പിലിനെതിരെ നടത്തിയ പരാമർശം പിൻവലിച്ച സ്‌പീക്കര്‍ എ.എൻ ഷംസീറിൻ്റെ നടപടി സ്വാഗതം ചെയ്യുന്നു. തെറ്റ് പറ്റിയെന്ന് മനസിലാക്കിയാൽ അതിൽ കടിച്ചു തൂങ്ങുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വലിയ മനസുള്ളവർക്കേ ഇത്തരത്തിൽ കഴിയുകയുള്ളൂ എന്ന് സ്‌പീക്കറെ പ്രശംസിക്കാനും പ്രതിപക്ഷ നേതാവ് തയ്യാറായി. സഭ ടിവിയിൽ പാർലമെന്‍റ് ടിവിയുടെ മാതൃകയിൽ പ്രതിപക്ഷ പ്രതിഷേധം കൂടി ഉൾപ്പെടുത്തുമെന്ന സ്‌പീക്കറുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.