തിരുവനന്തപുരം: മീഡിയവണ്‍, കൈരളി മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആരു പറഞ്ഞാലും അത് ജനാധിപത്യ വിരുദ്ധമാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ആ പദവിയെ കളങ്കപ്പെടുത്തരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നേരത്തെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നിന്നും നാല് മാധ്യമങ്ങള്‍ക്ക് ഗവർണർ പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കി വിടുന്നതിലൂടെ വിവരം ജനങ്ങളില്‍ എത്തിക്കുക എന്നത് തടയുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇത് ന്യായീകരിക്കാനാകില്ല. ഗവര്‍ണര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളോടുള്‍പ്പെടെ ആരും വിവേചനപരമായി ഇടപെടുന്നത് ശരിയല്ല. മാധ്യമങ്ങളെ ഒഴിവാക്കുക എന്നത് ഫാസിസ്റ്റ് ശൈലിയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കെയുഡബ്ലിയുജെ ആരോപിച്ചു. ഭരണഘടന പദവിയുടെ അന്തസ് കെടുത്തുന്ന ഗവര്‍ണര്‍ തെറ്റു തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് എംവി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.