തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിൽ സർക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു ബന്ധമുള്ള യുണിടെക് എന്ന സ്ഥാപനവുമായി സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. യുണിടെക്കിന്‍റെ രക്ഷാകര്‍തൃത്വം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനാണ്. യുണിടെക്കുമായി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ സ്വപ്ന സുരേഷും ശിവശങ്കറും ഉണ്ടായിരുന്നു. ലൈഫ് മിഷന്‍റെ ചെയര്‍മാനായ മുഖ്യമന്ത്രി അറിയാതെ ഇതു നടക്കുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
പാവപ്പെട്ടവര്‍ക്ക് വീടു വയ്ക്കാനുള്ള ഒരു കോടി രൂപയാണ് സ്വപ്‌നയ്ക്ക് കമ്മിഷനായി നല്‍കിയത്. ഈ പണം ലോക്കറില്‍ വയ്ക്കാന്‍ സ്വപ്‌നയ്ക്ക് ഉപദേശം നല്‍കിയത് എം.ശിവശങ്കറാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്കറിയില്ലെന്ന് ആരും വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ പ്രതി പുറത്തിറങ്ങിയാല്‍ മുഖ്യമന്ത്രിയുമായുള്ള സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നാണ് എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഈ എംഒയു ഒപ്പിട്ട കാര്യം എൻഐഎ അന്വേഷണ പരിധിയില്‍ വരില്ല. ഒരു സിബിഐ അന്വേഷണത്തിലേക്കാണ് ഇത് വെളിച്ചം വീശുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തിലെ മാധ്യമങ്ങളെ വിരട്ടി കൂടെ നിര്‍ത്താമെന്ന മുഖ്യമന്ത്രിയുടെ വ്യാമോഹം നടക്കില്ല. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് കേരള മുഖ്യമന്ത്രി. മാധ്യമങ്ങളില്‍ നിന്ന് പൂച്ചെണ്ടു കിട്ടിയാല്‍ സന്തോഷവും കല്ലേറു കിട്ടിയാല്‍ പ്രതിഷേധവും എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. യുഡിഎഫിനെതിരെ എണ്ണിയെണ്ണി പറയുമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. എണ്ണിയെണ്ണി മുഖ്യമന്ത്രി പറഞ്ഞാല്‍ പ്രതിപക്ഷം എണ്ണിയെണ്ണി മറുപടിയും പറയും. ഇത് വെള്ളരിക്കാപ്പട്ടണമല്ല, കേരളമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.