തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാഫി പറമ്പലിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരുമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. എംഎല്‍എയെ മര്‍ദ്ദിക്കാനുള്ള എന്തു സാഹചര്യമാണ് ഇവിടെ ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. രാഷ്ട്രീയ താത്പര്യം അനുസരിച്ച് യജമാനന്മാര്‍ക്ക് ദാസ്യപണി ചെയ്യുന്ന പൊലീസുകാരാണ് അതിക്രമം നടത്തിയത്. ഡല്‍ഹി ജെഎന്‍യുവില്‍ നരേന്ദ്രമോദി ചെയ്യുന്ന അതേ കാര്യമാണ് ഇവിടെ പിണറായി വിജയനും ചെയ്യുന്നത്.
ഭരണ കക്ഷി എംഎല്‍എ ആയ എല്‍ദോ എബ്രഹാമിനും ഇതു തന്നെയാണുണ്ടായത്. എന്നിട്ടും പൊലീസിനെതിരെ നടപടിയെടുത്തില്ല. ഇത്രയും വലിയ പരീക്ഷാ തട്ടിപ്പ് യൂണിവേഴ്‌സിറ്റിയില്‍ നടന്നിട്ട് ഒരു ഡിവൈഎസ്‌പിയും സിഐയും അടങ്ങിയ സംഘത്തിനാണ് അന്വേഷണ ചുമതല. ലാഘവ ബുദ്ധിയോടെയാണ് വിഷയത്തെ സര്‍ക്കാര്‍ കാണുന്നതെന്നും പൊലീസിന്റെ പെരുമാറ്റം പക്ഷപാതപരമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.