തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർഥികളായ അലൻ ശുഹൈബിനും താഹാ ഫസലിനുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ കേന്ദ്രത്തെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസ് തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു.
എന്നാൽ അമിത് ഷായുടെ മുന്നിൽ കത്തുമായി പോകണമെന്ന പ്രതിപക്ഷ ആഗ്രഹം നടപ്പാകില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും യുവാക്കളെ മാവോയിസത്തിലേക്ക് തള്ളിവിടുന്നതാണ് പ്രതിപക്ഷ സമീപനമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എൻഐഎ ഭേദഗതി നിയമം 7ബി അനുസരിച്ച് കേസ് തിരികെ വിളിച്ച് സംസ്ഥാന പൊലീസ് കുറ്റപത്രം സമർപ്പിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ ആവശ്യപ്പെട്ടു. എന്നാൽ കേസ് സർക്കാർ പരിശോധിക്കും മുമ്പ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
യു.ഡി.എഫ് സർക്കാർ 134 കേസുകളിൽ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇതിൽ 9 കേസുകൾ എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. അമിത് ഷായെ സന്ദർശിച്ച് പൂച്ചെണ്ട് നൽകിയ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഈ കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് കൂടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഗവർണറുടെ കാലുപിടിക്കുന്നതിലും നല്ലത് അമിത് ഷായുടെ കാലുപിടിക്കുന്നതല്ലേയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.