തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സ്വർണക്കടത്ത്, ഡോളർക്കടത്ത് ആരോപണങ്ങൾ ഉയർത്തി മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ സഭ തളത്തിൽ എത്തിയതിന് പിന്നാലെ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം മുദ്രാവാക്യം വിളി ആരംഭിച്ചു. ഡോളർക്കടത്ത് കേസിൽ ആരോപണ വിധേയനായ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ രാജി വയ്ക്കുക, എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും സുത്രാധാരൻ മുഖ്യമന്ത്രി എന്നിങ്ങനെ എഴുതിയ ബാനറുകളും ഉയർത്തിയാണ് പ്രതിഷേധം നടന്നത്.
ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കാൻ എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. പ്രതിഷേധം ശക്തമായതോടെ ആവശ്യത്തിന് മുദ്രാവാക്യം വിളിച്ചെന്നും തന്‍റെ ഭരണഘടനപരമായ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. വി.ടി ബൽറാം അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി ഡയസിന് മുന്നിൽ എത്തി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. ഭരണഘടന ചുമതല നിറവേറ്റുന്നതിൽ ഇടപെടരുതെന്ന് ഗവർണർ ആവർത്തിച്ച് പ്രതിപക്ഷത്തോട് പറഞ്ഞു. തുടർന്ന് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് സഭയ്ക്ക് പുറത്തിറങ്ങി. നിയമസഭ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.