തിരുവനന്തപുരം : നിയമസഭയിൽ നടുത്തളത്തിൽ പ്രതിഷേധിച്ച എം എൽ എമാർക്കെതിരെ സ്‌പീക്കർ എ എൻ ഷംസീര്‍ നടത്തിയ പരാമർശത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണമെന്നും പ്രതിഷേധിക്കുന്ന പല എം എൽ എമാരും ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ചവരാണെന്നുമായിരുന്നു സ്‌പീക്കറുടെ വാദം. അടുത്ത തവണയും വിജയിക്കേണ്ടതാണ്. ഇങ്ങനെയാണെങ്കിൽ അടുത്ത തവണ ജയിക്കില്ലെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തിരുന്നു.
ഷാഫി പറമ്പിൽ, റോജി എം ജോൺ, ടി ജെ വിനോദ് എന്നിവരുടെ പേര് എടുത്ത് പറഞ്ഞാണ് സ്‌പീക്കറുടെ പരാമർശം. സ്‌പീക്കറുടെ പരാമർശം തെറ്റായതും നിലവാരമില്ലാത്തതുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സഭയുടെ നടുത്തളത്തിലെ പ്രതിഷേധം ഇതാദ്യമല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
സ്‌പീക്കർ ഭൂതകാലം കൂടി ഓർക്കണം: തങ്ങള്‍ സ്‌പീക്കറുടെ കസേരയൊന്നും വലിച്ചെറിഞ്ഞിട്ടില്ല. ഭൂതകാലം മറന്ന് സ്‌പീക്കർ സംസാരിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ ഇത്തരത്തിൽ പരാമർശം നടത്തുമ്പോൾ സഭയിൽ സംസാരിച്ചുകൊണ്ടിരുന്നത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്. അദ്ദേഹം സഭയിൽ കാട്ടിയതെല്ലാം ഇതേ ജനം കണ്ടതാണ്.
ഇതൊക്കെ ഓർത്ത് വേണം സ്‌പീക്കർ സംസാരിക്കാൻ. നിയമസഭ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്‌പീക്കർ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. താൻ ജയിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് പാലക്കാട്ടെ ജനങ്ങളാണെന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രതികരണം.
ജയവും പരാജയവും ജനങ്ങൾ തീരുമാനിക്കും : മത്സരിപ്പിക്കാൻ തീരുമാനിക്കുന്നത് പാർട്ടിയാണ്. ജയിപ്പിക്കണോയെന്ന് ജനങ്ങൾ തീരുമാനിക്കും. സ്‌പീക്കർ സ്‌പീക്കറുടെ ജോലി എടുത്താൽ മതിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. താൻ തോറ്റാൽ ജയിക്കുന്നത് ആരാണ് എന്നോർക്കണം.
അപ്പോൾ ആർക്കുവേണ്ടിയാണ് താൻ തോൽക്കണമെന്ന് സ്‌പീക്കർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. അവനവന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ ആർജവം ഇല്ലാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്‌പീക്കർ തിരിച്ചറിയണം. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടുന്നതനുസരിച്ച് തീരുമാനമെടുക്കുന്ന സ്‌പീക്കർ പരാജയമാണ്. അത് സ്‌പീക്കർക്ക് മാത്രമാണ് മനസിലാകാത്തതെന്നും ഷാഫി പരിഹസിച്ചു.
പരാമർശവും പ്രതിഷേധവും: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് വിഷയത്തിൽ സമരം ചെയ്‌ത എറണാകുളം നഗരസഭ കൗൺസിലർമാരെ പൊലീസ് മർദിച്ച വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് സ്‌പീക്കർ എ എൻ ഷംസീർ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പരാമർശം നടത്തിയത്. സമാന്തര സഭയടക്കം നടുത്തളത്തിൽ നടത്തിയ ശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
ഇന്നലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനിൽ സമരം നടത്തിയ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ചിരുന്നു. ഈ പ്രശ്‌നം ശൂന്യവേളയിലുയർത്തി നിയമസഭയിൽ ബ്രഹ്മപുരം വിഷയം ഉയർത്താനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കം സ്‌പീക്കർ ഇന്ന് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട് ഇന്നലെയും പ്രതിപക്ഷം സഭ തടസപ്പെടുത്തിയിരുന്നു.