തിരുവനന്തപുരം: നിയമസഭാംഗമായി സുവര്‍ണ ജൂബിലി നിറവിലേക്ക് കടന്ന ഉമ്മന്‍ചാണ്ടിയെ ഇന്നലെ തലസ്ഥാനം ആദരിച്ചു. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവല്‌പെമെന്‍റ് സ്റ്റഡീസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ ജൂബിലി ആഘോഷങ്ങളില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേർന്നു. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ജനാധിപത്യത്തിന്‍റെ ആഘോഷമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ ജനങ്ങള്‍ തുടര്‍ച്ചയായി ഉമ്മന്‍ചാണ്ടിയിൽ അര്‍പ്പിച്ച വിശ്വാസം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ജനങ്ങളുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും കൊവിഡ് മൂലം ഉമ്മൻ ചാണ്ടിക്ക് അതിന് ഇപ്പോൾ സാധിക്കുന്നില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. എതിര്‍ക്കുമ്പോഴും തനിക്ക് ഇഷ്ടം തോന്നുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും കോണ്‍ഗ്രസിലെ ഏറ്റവും ജനകീയ നേതാവാണ് അദ്ദേഹമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍കുമാർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.