തിരുവനന്തപുരം: കാസര്‍കോട് ജില്ലിയില്‍ ചികിത്സ കിട്ടാതെ 10 പേര്‍ മരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പിടിപ്പു കേടുകൊണ്ടെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഈ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സക്ക് ഒരു പരിധിയില്‍ കൂടുതല്‍ മംഗലാപുരത്തെ ആശ്രയിക്കുന്നത് ഒഴിവാക്കുക, എന്‍ഡോസള്‍ഫാൻ ദുരിത ബാധിതര്‍ മംഗലാപുരത്ത് പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുക എന്നിവ പരിഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2013 നവംബര്‍ 30ന് മുഖ്യമന്ത്രിയായിരുന്ന താന്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടു. കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപയും നബാര്‍ഡില്‍ നിന്ന് 58 കോടിയും ആശുപത്രി നിര്‍മ്മാണത്തിന് അനുവദിച്ചു. യുഡിഎഫ് അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ കോളജ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ആശുപത്രി നിര്‍മ്മാണം ബാക്കിയായി. എന്നാല്‍ നിര്‍മ്മിക്കാനുളള പണമുണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആശുപത്രി നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ അത് ഒരു സര്‍വ സജ്ജമായ ആശുപത്രിയായി എന്നേ മാറുമായിരുന്നു. അതിന് കഴിയാത്തതാണ് കൊവിഡ് കാലത്ത് കേരളത്തിന്‍റെ ഏറ്റവും വലിയ ദു;ഖമായി കാസര്‍കോട് മാറാൻ കാരണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
കര്‍ണാടകത്തിന്‍റെ അധിക്ഷേപം ഇത്രയധികം ഏല്‍ക്കേണ്ട മറ്റൊരു കാലം ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ആരോഗ്യ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയെന്ന് അവകാശപ്പെട്ടിട്ട് എന്തിന് ചികിത്സ തേടി ഇങ്ങോട്ടു വരുന്നു എന്ന കര്‍ണാടക ബിജെപി നേതാവിന്‍റെ അധിക്ഷേപത്തിനു പോലും നാം വിധേയമായി. അലംഭാവം വെടിഞ്ഞ് കാസര്‍കോട് മെഡിക്കല്‍ കോളജ് എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച 11 മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കിയിരുന്നെങ്കില്‍ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് പൂര്‍ണമായും കൊവിഡ് ചികിത്സക്ക് ഉപയോഗിക്കാമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങൾക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും മുന്‍സിപ്പാലിറ്റികള്‍ക്ക് 10 ലക്ഷം രൂപ വീതവും കോര്‍പ്പറേഷുകള്‍ക്ക് ഒരു കോടി രൂപ വീതവും അടിയന്തരമായി അനുവദിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.