തിരുവനന്തപുരം: ബാർക്കോഴ കേസ് നിയമപരമായി നില നിൽക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് അറിഞ്ഞു കൊണ്ടു തന്നെയാണ് സർക്കാർ വീണ്ടും ബാർ കേസ് കുത്തിപ്പൊക്കുന്നത്. അഞ്ചു വർഷം സർക്കാരിന്‍റെ മുൻപിൽ ഉണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനിൽപ്പിന്‍റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കിൽ നേരത്തെ കേസ് എടുക്കുമായിരുന്നു. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരെ കേസ് എടുത്തത്.
ബാർക്കോഴ കേസ് നിലവിൽ ഹൈക്കോടതിയുടെയും തിരുവനതപുരം വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കിൽ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ ആകാം. എന്നാൽ പഴയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോൾ പരാതിക്കാരൻ ചെയ്തത്.സർക്കാരിന്‍റെ കാലവധി കഴിയുമ്പോൾ കേസ് എടുത്ത് അടുത്ത സർക്കാരിന്‍റെ തലയിൽ വയ്ക്കാനാണ് നീക്കം. നിയമവിരുദ്ധമായതിനാൽ അടുത്ത സർക്കാരിന് ഒന്നും ചെയ്യാനാകാതെ വരും. അപ്പോൾ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രചാരണം നടത്തുകയാണ് ലക്ഷ്യമെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.