തിരുവനന്തപുരം : അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിയുടെ മൃതദേഹം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരും നേതാക്കളും ഏറ്റുവാങ്ങിയത്. ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.
ഉച്ചയ്‌ക്ക് 2:47 ഓടെ തിരുവനന്തപുരം ഡോമസ്റ്റിക് വിമാനത്താവളത്തിലെ കാർഗോ ഏരിയയിലെ ഗേറ്റ് നമ്പർ 10 വഴിയാണ് ഉമ്മൻചാണ്ടിയുടെ മൃതദേഹം പുറത്തേക്ക് കൊണ്ട് വന്നത്. വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മുതിർന്ന നേതാക്കളായ കെ മുരളീധരൻ, സി പി ജോൺ, കടന്നപ്പള്ളി രാമചന്ദ്രൻ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തമിഴ്‌നാട് പി സി സി യുടെ ട്രഷറർ റൂബി ആർ മനോഹരൻ, ഷിബു ബേബി ജോൺ, സിനിമ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ കൂടാതെ ജില്ലയുടെ വിവിധ ഭാഗത്ത് നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു.
also read : video: ഇല്ല ഒരുനാളും മറക്കില്ല, കേരളത്തിന്‍റെ ഹൃദയത്തിലുണ്ട് ചിരിയും കരുതലും...
വിമാനത്താവളത്തിനകത്ത് നിന്നും ആംബുലൻസിൽ പുറത്തേക്ക് എത്തിച്ച ശേഷം പ്രത്യേക ആംബുലൻസിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 4.25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിൽ ആരോഗ്യ സ്ഥിതി വഷളാവുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു.
പുതുപ്പള്ളിയിലെത്തിച്ച മൃതശരീരം അവിടെ നിന്നും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. തുടര്‍ന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ദേവാലയത്തിലും കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. അര്‍ധരാത്രിയോടെ ഭൗതിക ശരീരം തിരികെ ജഗതിയിലെ വസതിയില്‍ എത്തിക്കും.
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം പുതുപ്പള്ളിയിൽ : നാളെ (ജൂലൈ 19) രാവിലെ വിലാപയാത്രയായി തിരുവന്തപുരത്ത് നിന്നും മുൻ മുഖ്യമന്ത്രിയുടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുന്നക്കര മൈതാനത്ത് മൃതദേഹം എത്തിച്ച ശേഷം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ വസതിയിലും പൊതുദര്‍ശനമുണ്ടാകും. ജൂലൈ 20ന് പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ വച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.