മുഖത്ത് നിറഞ്ഞ് നില്‍ക്കുന്ന പുഞ്ചിരി, ചീകിയൊതുക്കാതെ അലസമായ മുടി, സൗമ്യമായ സമീപനം. ഉമ്മന്‍ ചാണ്ടിയെന്ന പേര് കേള്‍ക്കുമ്പോള്‍ നേരില്‍ കാണാത്തവര്‍ക്കും, ഒരിക്കല്‍ പോലും പരിചയപ്പെടാത്തവര്‍ക്കും മനസില്‍ ഓടിയെത്തുന്ന രൂപമിതാണ്. പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്‌കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റില്‍ തുടങ്ങി കേരള മുഖ്യമന്ത്രി പദം വരെയെത്തിയ ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ -സാമൂഹിക കേരളത്തിന് നഷ്‌ടമായത് പകരം വെയ്ക്കാനില്ലാത്ത നായകൻ.
കരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായി കോട്ടയം കുമരകത്ത് 1943 ഒക്‌ടോബർ 31നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്‌കൂള്‍ പഠനത്തിനിടെയാണ് കെഎസ്‌യുവിലൂടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനം. കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്‌ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടുങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്‌കൂൾ കാലത്ത് തന്നെ കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റായിരുന്നു അദ്ദേഹം. അക്കാലത്ത് തന്നെ കെഎസ്‌യുവിലൂടെ സംഘടന പ്രവർത്തനവും ആരംഭിച്ചു. 1962 ൽ കെഎസ്‌യു കോട്ടയം ജില്ല സെക്രട്ടറിയും 67ൽ സംസ്ഥാന പ്രസിഡന്‍റുമായി. 1969ൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.
27-ാം വയസിൽ നിയമസഭയിലേക്ക് : കേരളത്തിെല അഞ്ചാം നിയമസഭയുടെ വിധിയെഴുതിയ ദിനമായിരുന്നു 1970 സെപ്‌റ്റംബർ 17. അന്ന് പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ഉമ്മൻ ചാണ്ടിക്ക് വയസ് 27. കന്നി മത്സരത്തിൽ തന്നെ 7,258 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ പുതുപ്പള്ളിക്ക് പ്രതീക്ഷയായി ആ ചെറുപ്പക്കാരൻ എംഎൽഎ കസേരയിലേക്ക്.
പിന്നീടങ്ങോട്ട് പല വോട്ട് ദിനങ്ങളും വന്നു. എന്നാൽ അന്ന് മുതൽ ഇന്നുവരെ അരനൂറ്റാണ്ടിലധികമായി പുതുപ്പള്ളിക്കാരുടെ ചൂണ്ടുവിരലിലെ മഷി നിറം പകർന്നത് കുഞ്ഞൂഞ്ഞിന്‍റെ പേരിന് മാത്രമായിരുന്നു. തോൽവിയറിയാത്ത കാലമായിരുന്നു പിന്നീട്. ജനങ്ങളിലേക്ക് ഇഴുകി ചേർന്ന് അയാൾ ജനപ്രിയനായി മാറി. ജനാധിപത്യത്തിലെ പകരം വയ്‌ക്കാനില്ലാത്ത 'ഏകാധിപതി'യായി മാറി.
പുതുപ്പള്ളിക്കാരുടെ പരാതിപ്പെട്ടിയായിരുന്നു കുഞ്ഞൂഞ്ഞ്. പുതുപ്പള്ളിയുടെ കവലകൾ സങ്കട ഹർജികളുടെ തീർപ്പുമുറികളും. പറച്ചിലിനപ്പുറം ജനങ്ങളെ കേട്ടുകേട്ട് ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്ക് പ്രിയങ്കരനായി മാറി. 70കളിൽ തിരുത്തൽ വാദീയ സംഘത്തിൽ അംഗമായി കോൺഗ്രസ് നേതൃനിരയിലേക്ക്.
തൊഴിൽ മന്ത്രിയായി മന്ത്രിസഭയിലേക്ക്: ഉമ്മൻ ചാണ്ടി പതിയെ പാർട്ടിയുടെ പരകായനായി മാറി. പിന്നീടങ്ങോട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഒച്ചയിലും ഒഴുക്കിലും ഒപ്പമുണ്ടായിരുന്നു ആ നേതാവ്. പുതുപ്പള്ളിയില്‍ നിന്നും രണ്ടാമതും ജയിച്ചുകയറിയ ഉമ്മന്‍ ചാണ്ടി ആദ്യം മന്ത്രിയായത് 1977ലാണ്. കെ കരുണാകരൻ മന്ത്രിസഭയില്‍ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു അരങ്ങേറ്റം.
'കരുണാകര മേധാവിത്വം' ഉണ്ടായിരുന്ന കാലത്തും, പാർട്ടിക്കകത്തും പുറത്തും മുന്നണിയിൽ പോലും 'ഒസി ഇഫക്‌ട്' നിർണായക ഘടകമായി. എന്നാൽ ആകെ 33 ദിവസം മാത്രമേ കരുണാകരന്‍റെ മുഖ്യമന്ത്രി കസേരയ്‌ക്ക് ആയുസുണ്ടായിരുന്നുള്ളു. രാജന്‍ കേസ് സംസ്ഥാന രാഷ്‌ട്രീയത്തില്‍ ചൂടുപിടിച്ചതോടെ കരുണാകരന്‍റെ കസേര തെറിച്ചു. പിന്നാലെ അദ്ദേഹത്തിന്‍റെ പിൻഗാമിയായി എകെ ആന്‍റണിയെത്തി.
1978ൽ എകെ ആന്‍റണി സര്‍ക്കാരിലും തൊഴിൽ വകുപ്പ് 'ഒസി'യുടെ കൈയില്‍ ഭദ്രമായിരുന്നു. പിന്നീട്, 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായി. 1991-1995ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ വകുപ്പിന്‍റെ തലപ്പത്തും ഉമ്മന്‍ ചാണ്ടിയെത്തി. ആന്‍റണി പക്ഷക്കാരനായ എംഎം കുട്ടപ്പന് കരുണാകരന്‍റെ ഇടപെടലിനെ തുടര്‍ന്ന് രാജ്യസഭ സീറ്റ് നഷ്‌ടമായി. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് വലിയ രാഷ്‌ട്രീയ കോലാഹലമുണ്ടാക്കി.
കുട്ടപ്പന്‍റെ സീറ്റ് നഷ്‌ടപ്പെട്ടതിന്‍റെ പേരില്‍ 1994 ജൂണ്‍ 16ന് ഉമ്മന്‍ ചാണ്ടി ധനമന്ത്രി സ്ഥാനം രാജിവച്ചു. മന്ത്രി സ്ഥാനത്തുണ്ടായിരുന്നതിനേക്കാള്‍ ശക്തനും തന്ത്രശാലിയുമായിരുന്നു മന്ത്രി പദം ഒഴിഞ്ഞ ആ പുതുപ്പള്ളിക്കാരന്‍.
മുഖ്യമന്ത്രി കസേരയിലേക്ക് : ഘടകകക്ഷികളിലെ പ്രധാനിയായ മുസ്‌ലിം ലീഗുമായി നല്ല ചങ്ങാത്തം കൂടാന്‍ ഉമ്മൻ ചാണ്ടിക്കായി. ഇവര്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് പോലുള്ള കക്ഷികളെയും ആന്‍റണി പക്ഷത്തിനൊപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2004ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വന്‍ തിരിച്ചടി നേരിട്ടു. ഈ പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ആന്‍റണി താഴെയിറങ്ങി. ശേഷം തന്‍റെ പിന്‍ഗാമിയെ ആന്‍റണി പ്രഖ്യാപിച്ചു. തന്‍റെ വലം കയ്യായി നിന്ന സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയെ തന്നെ. അങ്ങനെ 2006 വരെ ഭരണത്തലപ്പത്ത് അദ്ദേഹമിരുന്നു.
ജനങ്ങൾക്കിടയിലേക്കിറങ്ങിയ 'ജനസമ്പർക്കം' : ആദ്യമായി മുഖ്യമന്ത്രിയായ ഈ കാലയളവിലാണ് 'ജനസമ്പർക്കം' എന്ന ഒരു പരാതി പരിഹരണ മാർഗത്തിന് ഉമ്മൻ ചാണ്ടി തുടക്കമിട്ടത്. ജില്ലകളിലെ പ്രത്യേകം നിശ്‌ചയിച്ച സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതായിരുന്നു ഈ പരിപാടി.
അതിന് വലിയ തോതില്‍ ജനശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നു. 2004 ന് ശേഷം, 2011-2016 വർഷങ്ങളിലും ജനസമ്പർക്ക പരിപാടി നടത്താന്‍ അദ്ദേഹത്തിനായി. ഇതിനിടെ 2006 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയത്തിന്‍റെ കയ്‌പ് രുചിച്ചു. തുടർന്ന് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി.
സോളാറും വിവാദങ്ങളും : 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും കേരള ഭരണം പിടിച്ചു. രണ്ട് എംഎൽഎമാരുടെ മാത്രം പിന്തുണയോടെ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ 2013 ഫെബ്രുവരി 11ന് സംസ്ഥാനത്താകെ 10,000 വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടത്തിയ പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വന്‍ തോതില്‍ വെള്ളം കുടിപ്പിച്ചു.
സൗരോര്‍ജ പദ്ധതിയുടെ മൊത്തക്കച്ചവടം നടത്തി സരിത എസ് നായരും, ബിജു രാധാകൃഷ്‌ണനും കോടികള്‍ തട്ടാന്‍ നീക്കം നടത്തിയതോടെ സംഭവം കേസായി. ഇത്തരത്തില്‍ ലഭിച്ച തുകയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 1.90 കോടി കൈപ്പറ്റിയതായായിരുന്നു ആരോപണം. പിന്നാലെ, ഇതേ കേസില്‍ ലൈംഗിക പീഡന ആരോപണവും ഉയര്‍ന്നു.
കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍, എപി അബ്‌ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ ലൈംഗിക ആരോപണ ലിസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരും ഉള്‍പ്പെട്ടു. അന്ന് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷം കേരളം കണ്ട ഏറ്റവും വലിയ സമരങ്ങളില്‍ ഒന്നിനാണ് സംസ്ഥാനമൊട്ടാകെ നേതൃത്വം നല്‍കിയത്.
ഒരു ലക്ഷം പേരെയാണ് തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ ഇടതുപക്ഷം അണിനിരത്തിയത്. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും താഴെയിറക്കാന്‍ പടിച്ച പണി പതിനെട്ടും നോക്കിയിരുന്നു എല്‍ഡിഎഫ്. അതിനായി ശക്തിയുക്തം ആരോപണ ശരങ്ങളും പരിഹാസങ്ങളും സമര മുറകളും അങ്ങനെ ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല.
സോളാര്‍ കോലാഹലങ്ങളില്‍ മന്ത്രിസഭ ആടിയിളകിയെങ്കിലും 2016ൽ അഞ്ച് വർഷക്കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം ഭരണത്തില്‍ നിന്നും പടിയിറങ്ങിയത്. പിന്നീട് ഭരണതലപ്പത്തെത്താന്‍ അദ്ദേഹത്തിനും മുന്നണിയ്‌ക്കുമായില്ല. പിന്നാലെ 2022ൽ പിണറായി വിജയൻ സര്‍ക്കാര്‍ തന്നെ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റും നല്‍കി.
നിയമസഭ @50 : സാമാജികനെന്ന നിലയില്‍ നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി 50 വര്‍ഷം പൂര്‍ത്തിയാക്കിയത് 2020ല്‍ ആയിരുന്നു. 1970ല്‍ നിയമസഭ തെരഞ്ഞെടുപ്പെന്ന കന്നിയങ്കത്തില്‍ പുതുപ്പള്ളി പിടിച്ചാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. സാമാജികനായി 51 വര്‍ഷം പൂര്‍ത്തിയാക്കിയ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് 2022ല്‍ നിയമസഭയുടെ റെക്കോഡ് ബുക്കില്‍ ഇടംപിടിക്കാനായതും ശ്രദ്ധേയം.