തിരുവനന്തപുരം: കുട്ടികളുടെ ഓൺലൈൻ പഠനം ഇന്‍റര്‍നെറ്റിന്‍റെയും മൊബൈലിന്‍റേയും ദുരുപയോഗത്തിന് വഴിവയ്ക്കുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ. മുതിർന്ന കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നില്ല. ഓൺലൈൻ പഠനത്തിന്‍റെ മറവിൽ അപകടകരമായ ഗെയിമുകളിലേക്കോ അശ്ലീല സൈറ്റുകളിലേക്കോ കുട്ടികൾ തിരിഞ്ഞേക്കാമെന്നാണ് മാതാപിതാക്കളുടെ പ്രധാന ആശങ്ക.പതിവുരീതികൾ മാറി മൊബൈലും ടാബും പഠനോപകരണമായത് ആസ്വദിക്കുകയാണ് കുട്ടികൾ.
ഈ രീതി തന്നെ തുടരട്ടെയെന്നും അവർ പറയുന്നു. ഓൺലൈൻ വിദ്യാഭ്യാസ രീതികളോട് രക്ഷിതാക്കളിൽ പലർക്കും താത്പര്യമില്ല. മൊബൈലോ ടാബോ ഉപയോഗിച്ച് കുട്ടികൾ ഇന്‍റർനെറ്റിൽ പഠിക്കുന്ന നേരമത്രയും രക്ഷിതാക്കൾക്ക് ഒപ്പമിരിക്കാനുമാവില്ല.കൗമാരക്കാരുടെ രക്ഷിതാക്കൾക്കാണ് ആശങ്കയേറെ. മൊബൈലിനെ കുട്ടികളിൽ നിന്ന് പരമാവധി അകറ്റിനിർത്തിയ രക്ഷിതാക്കൾക്ക് ഇപ്പോൾ മറ്റുവഴികളില്ല. സ്കൂൾതുറന്ന് സാധാരണ പഠനരീതി പുനരാരംഭിക്കാനായി കാത്തിരിക്കുകയാണവർ.