തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതാ നിർദേശം നിലനിൽക്കുന്ന തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണവിതരണ മേഖല പ്രതിസന്ധിയില്‍. ജാഗ്രത കാരണം ആളുകൾ പേടിയിലായതോടെ ഓൺലൈൻ ഓർഡറുകൾ കുറഞ്ഞു. ഇത് ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ വരുമാനത്തിൽ കാര്യമായ നഷ്ടമാണ് ഉണ്ടാക്കിയത്. ഭക്ഷണവുമായി എത്തുന്ന വിതരണക്കാരനെ സുരക്ഷാ ജീവനക്കാരൻ ഫ്ലാറ്റിന് പുറത്തുനിർത്തിയ സംഭവവുമുണ്ടായി. മുഴുവൻ സമയ ജോലിക്കാരാണ് വരുമാന നഷ്‌ടത്തിൽ വലയുന്നത്. പലരുടെയും ബാങ്ക് വായ്‌പകൾ അടക്കം മുടങ്ങി.
ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ കമ്പനികളും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് മാസ്‌ക് ധരിച്ചാണ് ഭക്ഷണ വിതരണം. രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടിലിരിക്കാൻ സ്വിഗ്ഗി നിർദേശം നൽകിയതായി ജീവനക്കാരൻ പറഞ്ഞു. ശമ്പളത്തോടെയുള്ള അവധിയാണ് നൽകുക. വരുമാന പ്രതിസന്ധിയുണ്ടെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിച്ച്, ജാഗ്രതാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ഇവർ വ്യക്തമാക്കി.