തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും ലോകത്തെ പ്രതിസന്ധിയിലാക്കുമ്പോൾ പ്രതിരോധത്തിന്‍റെ പുതുവഴികൾ തേടുകയാണ് നാടൊന്നാകെ. ജൂൺ മാസത്തിലാണ് കേരളത്തില്‍ സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നത്. പക്ഷേ ലോക്ക്ഡൗണില്‍ സ്കൂളുകളില്‍ ക്ലാസുകൾ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്ത സ്ഥിതി. പക്ഷേ കേരളം അവിടെ പകച്ചു നിന്നില്ല. ഓൺലൈൻ ക്ലാസുകളിലേക്ക് വളരെ വേഗം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാറി ചിന്തിച്ചു. " ഫസ്റ്റ് ബെല്‍" എന്ന പേരില്‍ ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളുകളില്‍ പഠനം മുടങ്ങിയ മുഴുവന്‍ കുട്ടികള്‍ക്കുമായി ഇന്ത്യയിലാദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഏകദേശം 40 ലക്ഷം ആളുകൾ കേരള സർക്കാരിന്‍റെ ഓൺലൈൻ ക്ലാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
സര്‍ക്കാര്‍, എയ്‌ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വീട്ടിലിരുന്ന് പഠിക്കാന്‍ പാകത്തിലാണ് പദ്ധതി. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് ക്ലാസുകൾ. സര്‍ക്കാര്‍ ചാനലായ കൈറ്റ് വിക്‌ടേഴ്‌സിലൂടെ ടെലിവിഷൻ വഴിയും കൈറ്റ് വിക്‌ടേഴ്‌സ് പോര്‍ട്ടല്‍, ഫേസ്‌ബുക്ക്, യൂട്യൂബ് എന്നിവ വഴിയും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാണ്. ഓരോ ക്ലാസുകളിലേക്കും ആവശ്യമായ പാഠഭാഗങ്ങൾ അധ്യാപകർ പഠിപ്പിക്കുന്നത് ചിത്രീകരിച്ച് സംപ്രേഷണം ചെയ്യുകയായിരുന്നു. ക്ലാസുകള്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിന് വിശദമായ പദ്ധതിയാണ് തയ്യാറാക്കിയത്. ഓരോ ആഴ്‌ചയും തുടങ്ങുന്നതിന് മുന്നോടിയായി കൈറ്റ് വിക്‌ടേഴ്‌സ് ചാനലുകള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും ക്ലാസ് ടൈം ടേബിള്‍ പ്രസിദ്ധപ്പെടുത്തും. ലോക്ക്ഡൗണില്‍ ബദൽ ക്ലാസുകൾ എന്നതല്ല മറിച്ച് സ്‌കൂളുകളിലേക്ക് വിദ്യാർഥികൾക്ക് എത്താനാകുന്നത് വരെ താൽകാലികമെന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങിയത്. ആരംഭ ഘട്ടത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ ആഴ്‌ച ട്രയൽ ക്ലാസുകൾ നടത്തി. വൈദ്യുതി, കേബിൾ എന്നിവയിലുണ്ടാകുന്ന തടസങ്ങൾ മുന്നിൽ കണ്ട് ഒരിക്കൽ സംപ്രേഷണം ചെയ്‌ത ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യാനും ശ്രദ്ധിച്ചു.
ഇത് കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിനായി ചാനലിന് പുറമേ www.victers.kite.kerala.gov.in എന്ന പോര്‍ട്ടലിലും faceboob.com/victerseduchannel എന്ന ഫേസ് ബുക്ക് പേജിലും youtube.co/itsvictser എന്നിവയിലൂടെ എപ്പോഴും ലഭ്യമാണ്. ടിവിയിൽ ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് കാണാൻ കഴിയാതെ പോയവർക്ക് സമൂഹമാധ്യമങ്ങൾ സഹായകരമാകും. വിക്‌ടേഴ്‌സ് യൂട്യൂബ് ചാനലിന് 50,000ത്തിൽ നിന്നും 10 ലക്ഷത്തോളം സബ്‌സ്ക്രൈബേഴ്‌സ് ആയത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ആവശ്യക്കാരെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിൽ രണ്ടു ലക്ഷം കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലെന്ന വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ നിന്നും ലാപ്ടോപ്പുകൾ ലഭ്യമാക്കാൻ ശ്രദ്ധിച്ചു. കൂടാതെ വിവിധ എൻജിഒകൾ, പഞ്ചായത്ത്, സ്വകാര്യ സ്ഥാപനങ്ങൾ, പൂർവ വിദ്യാർഥികൾ, വ്യവസായികൾ, രാഷ്‌ട്രീയ സംഘടനകൾ എന്നിവരിലൂടെ കുട്ടികൾക്ക് ടിവി, സ്‌മാർട്ട് ഫോണുകൾ എന്നിവ ലഭ്യമാക്കി. ട്രയൽ ക്ലാസുകളെ തുടർന്നുണ്ടായ പ്രതികരണങ്ങളിൽ നിന്നും അവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തു. കന്നട, തമിഴ് മീഡിയം ആവശ്യമായ കുട്ടികൾക്ക് പ്രത്യേകം യൂട്യൂബ് ചാനൽ തുടങ്ങുകയും പ്രാദേശിക കേബിൾ ചാനലുകൾ വഴി ലഭ്യമാക്കാനും തുടങ്ങി. സ്‌കൂള്‍ തുറക്കുമ്പോള്‍ ഇതേ പാഠഭാഗങ്ങൾ വീണ്ടും പഠിപ്പിക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം പ്രധാന അധ്യാപകര്‍ക്ക് തീരുമാനിക്കാം. ഒരു മാസം വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുകയാണ്. ഇതിന്‍റെ ചുവടു പിടിച്ച് സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു.