തിരുവനന്തപുരം: തലസ്ഥാനത്ത് ആദ്യമായി ആരംഭിച്ച പോക്‌സോ കോടതി പ്രവർത്തന രഹിതമായ നിലയിൽ. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ കേരള സർക്കാർ ആരംഭിച്ച ജില്ലയിലെ ആദ്യ പോക്‌സോ കോടതിയാണിത്. 2016 മാർച്ച് അഞ്ചിനാണ് കോടതി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ജഡ്‌ജി ഇല്ലാത്തതിനാല്‍ കോടതി പ്രവർത്തന രഹിതമാണ്.
2000ലധികം കേസുകളാണ് ജില്ലയുടെ വിവിധ താലൂക്കുകളിൽ നിന്നും രജിസ്റ്റർ ചെയ്യാറുള്ളത്. ഇതിൽ 1516 കേസുകൾ ഇതിനകം വിചാരണ നടത്തി കഴിഞ്ഞു. കോടതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഹൈക്കോടതി നിർദേശം അനുസരിച്ച് നടപ്പിലാക്കാൻ ഇരിക്കെയാണ് ജഡ്‌ജിയുടെ മാറ്റം. ഇതേ തുടർന്ന് കോടതിയുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലായി. നിലവിലെ കേസുകൾ അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. പോക്‌സോ കേസുകളുട എണ്ണം വർധിക്കുന്നത് കാരണം കോടതികള്‍ ഫലപ്രദമായി ക്രമീകരിക്കുവാൻ വേണ്ടി ഹൈക്കോടതി നിർദേശം അനുസരിച്ച് ജില്ലയിലെ ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നീ താലൂക്കുകളിൽ പുതിയ കോടതികൾ പ്രവർത്തനം ആരംഭിച്ചു.
എന്നാൽ പുതിയ കോടതികളിൽ എത്തുന്ന കേസുകൾ അതാത് കോടതികൾ പുതിയ കേസ് നമ്പർ ഇടുകയും സമൻസ് അയക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ ഇത് ശരിയായി നടപ്പാക്കാറില്ല. ഇതു കാരണം മിക്ക കേസുകളും വാറണ്ട് ആയ ശേഷം മാത്രമേ പ്രതികൾക്ക് അറിയാൻ സാധിക്കുകയുള്ളു എന്നും ആക്ഷേപം ഉണ്ട്. കേസുകൾ കെട്ടികിടക്കുന്നത് കാരണം പോക്‌സോ കോടതികളുടെ എണ്ണം കൂട്ടാനും വേഗത്തിൽ ഇവയുടെ വിചാരണ നടത്തുവാനും സുപ്രീം കോടതി ഉത്തരവ് നിലനിൽക്കവെയാണ് തലസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കോടതിയുടെ പ്രവർത്തനം ഒരു വർഷമായി നിലച്ചിരിക്കുന്നത്.