തിരുവനന്തപുരം: വർണശബളമായ സാംസ്കാരിക ഘോഷയാത്രയോടെ വിനോദ സഞ്ചാര വകുപ്പിന്‍റെ ഓണം വാരാഘോഷം നാളെ സമാപിക്കും. ഒരാഴ്ചകാലം അനന്തപുരിക്ക് ശബ്ദ വർണ വിസ്മയ ലോകം സമ്മാനിച്ചാണ് ആഘോഷങ്ങൾക്ക് സമാപനമാകുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഗോത്ര, നാടോടി, ക്ലാസിക്കല്‍ കലാരൂപങ്ങളും ഇന്ത്യയുടെയും കേരളത്തിന്‍റെയും കാഴ്ചവട്ടങ്ങളും അടക്കം നൂറോളം കലാരൂപങ്ങളാണ് ഇത്തവണ ഘോഷയാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ള 10 സംസ്ഥാനങ്ങളിലെ കലാസംഘങ്ങള്‍ ഇക്കുറിയും ഘോഷയാത്രയിൽ പങ്കെടുക്കും. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ എൺപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും.
ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര - സംസ്ഥാന മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർക്ക് ഘോഷയാത്ര കാണുന്നതിനായി യൂണിവേഴ്‌സിറ്റി കോളജിന് മുന്നിൽ വി.വി.ഐ.പി പവലിയൻ സജ്ജീകരിച്ചിട്ടുണ്ട്.