പരിമിതികള്‍ കാരണം ഓണം ഇക്കൊല്ലവും വീടുകളില്‍ ഒതുങ്ങിയെങ്കിലും അഹ്ലാദത്തിന് കുറവില്ല. അത്തപ്പൂക്കളവും സദ്യയും ഒരുക്കി മലയാളികള്‍ പൊന്നോണ ഓര്‍മ്മകള്‍ അയവിറക്കി തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയയും ആഘോഷ തിമിര്‍പ്പിലാണ്. നാട്ടു വഴികളില്‍ നിന്നും നഗരത്തിരക്കില്‍ ക്ലബുകളിലും അസോസിയേഷനുകളിലും ആഘോഷമാക്കിയ ഓണത്തെ കൊവിഡ് കാലം സോഷ്യല്‍ മീഡിയയില്‍ ഒതുക്കി.
പൂ വിളികളുമായി തൊടികള്‍ തോറും കയറിയിറങ്ങി പൂക്കള്‍ ശേഖരിക്കുന്ന കുരുന്നുകളില്ല. ഓണക്കോടിയുടുത്ത് കൂട്ടുക്കാര്‍ക്കൊപ്പമിരുന്നുള്ള സദ്യയുമില്ല. പകരം വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ഓണക്കോടി അണിഞ്ഞ് വീടില്‍ ഒരുക്കിയ അത്തപ്പൂവിന് മുന്നില്‍ ചിരിച്ചിരിക്കുന്ന ഒരു ഫോട്ടോ മാത്രം. മടുപ്പിക്കുന്ന 'വര്‍ക്ക് ഫ്രം ഹോം' മില്‍ വീട്ടുകാരുമൊത്തൊരു സെല്‍ഫി. പുറത്തിറക്കമോ, കൂട്ടം ചേരലോ ഇല്ല. പ്രതിസന്ധി കാലത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഓണം ആഘോഷിക്കാന്‍ മലയാളികള്‍ പഠിച്ചു കഴിഞ്ഞു.
അതിജീവനത്തിന്‍റെ കാഴ്‌ച്ചകള്‍...
പ്രളയവും അതിന് പിന്നാലെ വന്ന കൊവിഡും മലയാളികളുടെ സ്വപ്‌നങ്ങളും ജീവിതവും തകര്‍ത്തെറിഞ്ഞു. ലോകം പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ കെട്ട കാലത്തും അതിജീവനത്തിന്‍റെയും പ്രതീക്ഷയുടെയും കാഴ്‌ച്ചകള്‍ ചുറ്റുമുണ്ട്. ഒരുമയുള്ള പ്രവര്‍ത്തനം കൊണ്ടാണ് കേരളം പ്രളയത്തെ അതിജീവിച്ചത്.
ഓണം കാലം മലയാളികള്‍ക്ക് അതിജീവന കാലം കൂടിയാണ്. ഇല്ലായ്‌മകള്‍ മറന്ന് വീട്ടില്‍ ഓണമൊരുക്കുമ്പോള്‍ ഇരിട്ടിനപ്പുറം വെളിച്ചം വന്നെത്തുമെന്ന പ്രതീക്ഷയാണ്. കൊവിഡ് അടച്ചു പൂട്ടലില്‍ നിന്നും നിയന്ത്രണങ്ങള്‍ പതിയെ പതിയെ ഒഴിവാക്കുമെന്ന പ്രതീക്ഷയാണ്. ജന ജീവിതം വീണ്ടും സാധാരണ ഗതിയിലേക്ക് വരുമെന്ന പ്രതീക്ഷ.
ഒറ്റ സ്‌ക്രീനില്‍ നിന്നും സ്‌കൂള്‍ മുറ്റത്ത് പൂമ്പാറ്റകളെ പോലെ കുട്ടികള്‍ ആശങ്കയില്ലാതെ പാറിപ്പറക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഓണം അകലമില്ലാതെ അടുത്തിരുന്ന് ആഘോഷിക്കാമെന്ന് പ്രത്യാശിക്കാം.