ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണ നാളിലാണ് മലയാളി. ഓണക്കോടിയും പൂക്കളവും സദ്യവട്ടവുമായി മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ മലയാള നാട് ഒരുങ്ങിക്കഴിഞ്ഞു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളുമായി, ജാതി-മത ഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു.
ദേശീയ ഉത്സവമാണ് ഓണം. ലോകത്തെവിടെ മലയാളിയുണ്ടോ അവിടെല്ലാം ആഘോഷമുണ്ട്. ചിങ്ങമാസത്തിലെ തിരുവോണനാള്‍ സര്‍വൈശ്വര്യ സമൃദ്ധിയുടെ ഓര്‍മ പുതുക്കലാണ്.
അത്തം ഒന്നുമുതല്‍ ആഘോഷങ്ങള്‍ ആരംഭിച്ചുതുടങ്ങും. മുറ്റത്ത് പൂക്കളം തീര്‍ക്കലാണ് ആദ്യപടി. പിന്നാലെ പത്തുദിവസം നീളുന്ന കാത്തിരിപ്പ്. അത്തം പത്തിന് തിരുവോണം. നീതിമാനായ രാജാവ് മഹാബലി തന്‍റെ പ്രജകളെ കാണാന്‍ പാതാളത്തില്‍ നിന്ന് ഭൂമിയിലെത്തുന്ന ദിനമെന്ന് ഐതീഹ്യപ്പെരുമ. അതേസമയം വിളവെടുപ്പിന്‍റെ ഉത്സവം കൂടിയാണ് ഓണം.
ഒത്തുകൂടിയും കളിപറഞ്ഞും പൂക്കളമിട്ടും ഊഞ്ഞാലാടിയും ഓണക്കോടിയുടെ സുഗന്ധം വിടര്‍ത്തിയും മധുരമനോഹര നിമിഷങ്ങള്‍ പങ്കിട്ടാണ് ആഘോഷങ്ങള്‍. ജാതി മത ലിംഗ വര്‍ഗ വര്‍ണങ്ങളുടെ പേരില്‍ വിദ്വേഷം അരങ്ങുതകര്‍ക്കുന്ന കാലത്ത് സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ആശയം ഊട്ടിയുറപ്പിക്കുന്ന ഉത്സവാഘാഷവുമാണ് ഓണം.