തിരുവനന്തപുരം : സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഇന്ന് കൊടിയിറക്കം. സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
വൈകീട്ട് മൂന്നിന് ശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണവുമുണ്ടാകും. ഇന്ത്യയുടേയും കേരളത്തിന്‍റെയും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കും.
ആകെ 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളുമുണ്ടാകും. മുത്തുക്കുടയുമായി എന്‍.സി.സി. കേഡറ്റുകള്‍ ഘോഷയാത്രയുടെ മുന്നില്‍ അണിനിരക്കും. യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലെ വി.ഐ.പി. പവലിയനിലാകും മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കുക.
ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കും സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര കാണാന്‍ പാളയത്ത് പബ്ലിക്ക് ലൈബ്രറിക്ക് മുന്നില്‍ പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ഏഴിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും.
സിനിമാതാരം ആസിഫ് അലി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങള്‍ നല്‍കും.