തിരുവനന്തപുരം: ഓണത്തിന്‍റെ അവസാന ഘട്ട ഒരുക്കങ്ങള്‍ക്കായുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് നാടും നഗരവും. സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കൾ വാങ്ങാനുമൊക്കെ ആളുകൾ നഗരത്തിലെത്തിയതോടെ തലസ്ഥാനം ഉത്രാടത്തിരക്കിലമർന്നു. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാല കമ്പോളത്തിലും, കിഴക്കേക്കോട്ടയിലും വൻ ജനത്തിരക്കാണ് ഉത്രാടദിനത്തിൽ അനുഭവപ്പെടുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ നഗരത്തിൽ തെരുവോര കച്ചവടവും പൊടിപൊടിക്കുകയാണ്. മഴപ്പേടിയിൽ ഇത്തവണ ഷെഡുകൾ കെട്ടിയാണ് കച്ചവടം. കൊവിഡ് കവർന്നെടുത്ത കഴിഞ്ഞ രണ്ട് വർഷത്തെ ഓണം വിപണി തിരിച്ചുപിടിക്കാനുള്ള ആവേശത്തിലാണ് കച്ചവടക്കാർ.
സദ്യവട്ടത്തിനുള്ള പച്ചക്കറി വാങ്ങാനുള്ള തിരക്കാണ് വിപണിയിലേറെയും. ഓണത്തോടനുബന്ധിച്ച് പച്ചക്കറി വിലയും സാരമായി ഉയർന്നിട്ടുണ്ട്. പച്ചക്കറി വിപണി കഴിഞ്ഞാൽ വസ്‌ത്ര വിപണിയാണ് തിരക്കേറിയ മറ്റൊരിടം. ഓണക്കോടി വാങ്ങാൻ ജില്ലയിലെ നാനാഭാഗങ്ങളില്‍ നിന്നുള്ളവർ നഗരത്തിലേക്ക് ഒഴുകിയെത്തിയതോടെ ഓണത്തിരക്ക് ഉച്ചസ്ഥായിയിലാണ്.
നഗരത്തിലെ ഫുട്‌പാത്തുകള്‍ വരെ കയ്യേറി പൊടിപൊടിക്കുകയാണ് ഓണ വിപണി. മഴപ്പേടിയുണ്ടെങ്കിലും അത് കച്ചവടത്തെ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷയിലാണ് കച്ചവടക്കാർ. കലാ, സാംസ്‌കാരിക വിനോദ പരിപാടികളാൽ ഈ ഒരാഴ്‌ചക്കാലം നഗരം ഉത്സവലഹരിയുടെ പാരമ്യത്തിലെത്തും.
Also read: ഓണാഘോഷത്തെ വരവേറ്റ് പുലികളെത്തി, ആഘോഷത്തില്‍ മയങ്ങി ബത്തേരി