തിരുവനന്തപുരം: ചലച്ചിത്രമേളയിൽ പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ കൊറിയൻ ചിത്രം ഡോർ ലോക്ക് ഇന്ന് എത്തും. രാത്രി 12 മണിക്ക് നിശാഗന്ധിയിലാണ് ക്രൈം സസ്പെൻസ് ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രം പ്രദർശിപ്പിക്കുന്നത്. ലീ നോൺ ആണ് ചിത്രത്തിന്റെ സംവിധാനം. കൊറിയയിൽ തരംഗം തീർത്ത, ഡോർ ലോക്ക് മേളയുടെ നാലാം ദിനത്തിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഐ.എഫ്.എഫ്.കെ; നാലാം ദിനത്തില്‍ ഡോർ ലോക്കും, അവർ മദേഴ്‌സും, ആനി മാനിയുമായും പ്രദർശനത്തിന് വീടിനുള്ളില്‍ ഒറ്റയ്ക്ക് അകപ്പെട്ടു പോയ ക്യുങ് മിൻ എന്ന യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഡോർ ലോക്ക് പറയുന്നത്. ശ്വാസം അടക്കി മാത്രം കാണാനാകുന്ന രംഗങ്ങളിൽ കൂടിയാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പ്. വിവിധ ചലച്ചിത്രോവസങ്ങളിൽ മികച്ച പ്രതികരണം നേടിയ ചിത്രം മിഡ്നൈറ്റ് സ്ക്രീനിങ്ങായാണ് പ്രദർശിപ്പിക്കുന്നത്. ഡോർ ലോക്കിന്റെ മേളയുടെ ഏക പ്രദർശനമാണിത്.ഫഹിം ഇർഷാദിന്റെ ആനി മാനിയാണ് പ്രതീക്ഷയേകുന്ന മറ്റൊരു ചിത്രം. ഉത്തർപ്രദേശിൽ ബീഫ് നിരോധന സമയത്ത് ചെയ്യാത്ത കുറ്റത്തിന് ജയിലിലടക്കപ്പെടുന്ന ഒരാൾ തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കൂടിയാണ്. ടാഗോർ തിയേറ്ററിൽ രാവിലെ 11:30നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഫ്രഞ്ച് ചിത്രം അവർ മദേഴ്‌സാണ് ഇന്നത്തെ മറ്റൊരാകർഷണം. സീസർ ഡയസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടാഗോർ തിയേറ്ററിൽ 2.15 നാണ് ചിത്രത്തിന്‍റെ പ്രദർശനം.പ്രിയനന്ദൻ സംവിധാനം ചെയ്ത സൈലൻസർ ആണ് നാലാം ദിനം പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. കൈരളി തിയേറ്ററിൽ വൈകിട്ട് 6 മണിക്കാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 63 ചിത്രങ്ങളാണ് നാലാം ദിനം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.