തിരുവനന്തപുരം: OMICRON IN KERALA | സംസ്ഥാനത്ത് രാത്രി 10 മണിക്ക് ശേഷം തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഒമിക്രോണ്‍ വ്യാപനം മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് തിയേറ്ററുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
രാത്രി പത്ത് മണിക്ക് മുന്‍പ് തന്നെ ഷോകള്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശം. പുതുവത്സരാഘോഷങ്ങളിലടക്കം നിയന്ത്രണം ഉണ്ടാകും. രാത്രി 10 മണി മുതല്‍ അഞ്ച് വരെയാണ് നിയന്ത്രണം.
ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല. വ്യാപാര കേന്ദ്രങ്ങള്‍ രാത്രി പത്ത് മണിക്ക് അടയ്‌ക്കണം. ബാറുകളിലും ക്ലബ്ബുകളിലും ഭക്ഷണശാലകളിലും സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായി തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: കോവോവാക്സ്, കോര്‍ബെവാക്‌സ് ; രാജ്യത്ത് 2 കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം
സംസ്ഥാനത്ത് ഇതുവരെ 57 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൊവിഡ് വകഭേദമായ ഒമിക്രോണിന്‍റെ തീവ്രവ്യാപന ശേഷി കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നത്. ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.