തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ മത്സ്യ വിൽപ്പനക്കാരിയുടെ മീൻ തട്ടിതെറിപ്പിച്ച് നഗരസഭ ജീവനക്കാര്‍. വിൽപ്പനക്കായി എത്തിച്ച മീൻ നഗരസഭ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ആരോപണം. അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയാണ് ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത്.
Also Read: നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്‌താരത്തിന് ഹാജരായി കാവ്യ മാധവന്‍
എന്നാൽ ആരോപണം നഗരസഭ നിഷേധിച്ചിട്ടുണ്ട്. അതേ സമയം റോഡിൽ കിടക്കുന്ന മീനുമായി പ്രതിഷേധിക്കുന്ന അൽഫോൻസയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട നാട്ടുകാരുമായി നഗരസഭ ജീവനക്കാർ തർക്കിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പ്രദേശത്ത് തിരക്ക് വർധിച്ചതിനാൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നടപടികൾ സ്വീകരിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് നഗരസഭയുടെ വാദം.
താക്കീത് നല്‍കിയിരുന്നതായി നഗരസഭ
അനുമതി ഇല്ലാത്ത സ്ഥലത്താണ് അൽഫോൻസ മീൻകച്ചവടം നടത്തിയത്. പല തവണ താക്കീത് നൽകിയിട്ടും അവർ ചെവിക്കൊണ്ടില്ല. തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. മീന്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും നഗരസഭയുടെ വാഹനത്തില്‍ കയറ്റുന്നതിനിടെ ഉണ്ടായ ബഹളത്തില്‍ താഴെ വീണതാണെന്നും ജീവനക്കാര്‍ വിശദീകരിച്ചു. ഇക്കാര്യത്തിൽ പലതവണ അൽഫോൻസക്ക് താക്കീത് നൽകിയതാണെന്നും ജീവനക്കാർ വ്യക്തമാക്കി.