തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ നിന്ന് പരോള്‍ ലഭിച്ച് പുറത്ത് പോയ തടവുകാരില്‍ ഇനിയും തിരികെയെത്താനുള്ളത് 38 പേര്‍. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം പരോള്‍ അനുവദിച്ച മുഴുവന്‍ പ്രതികള്‍ക്കും തിരികെയെത്താനായി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊലക്കേസ് പ്രതികളടക്കമുള്ളവരാണ് ഇനിയും തിരികെയെത്താനുള്ളത്.
സുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ച വ്യാഴാഴ്‌ച വൈകിയിട്ട് ആറ് മണിയ്ക്ക് ശേഷമെത്തിയവരെയടക്കം ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്‌ച രാവിലെ ഒന്‍പത് മണിയ്ക്ക് മുമ്പ് തിരിച്ചെത്താത്തവരെ അറസ്റ്റ് ചെയ്ത് തിരികെയെത്തിക്കാനാണ് തീരുമാനം. അതേസമയം കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരോള്‍ നീട്ടി വയ്ക്കണമെന്നാണ് തടവുകാരുടെ ആവശ്യം.
തിരിച്ചെത്തുന്നവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ച് കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ ജയിലില്‍ പ്രവേശിപ്പിക്കുകയുള്ളു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 770 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ നെട്ടുകാൽത്തേരി ജയിലില്‍ 8 പേരും ചീമേനിയില്‍ 5 പേരും കണ്ണൂർ സെൻട്രൽ ജയിലിൽ 12 പേരും വിയ്യൂരിൽ 10 പേരും പൂജപ്പുര സെൻട്രൽ ജയിലിൽ 3 പേരുമാണ് തിരിച്ചെത്താനുള്ളത്.
also read: കൊവിഡ് വ്യാപനം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തര കൊറിയ; 3.5 ലക്ഷം പേര്‍ക്ക് കൂടി രോഗ ബാധ