തിരുവനന്തപുരം: വീട്ടമ്മയായ യുവതിയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച മെഡിക്കൽ കോളജിലെ ഡോക്‌ടറും സിരിയൽ താരവും അടക്കം മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തരോഗ വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഡോ.സുബു, സീരിയൽ താരവും നെടുമങ്ങാട് മദീന ഒപ്റ്റിക്കൽസ് ഉടമയുമായ ജസ്മീർ ഖാൻ, വ്യാജ സിം എടുക്കാൻ സഹായിച്ച നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
വർക്കല സ്വദേശിനിയായ യുവതിയുടെ ചിത്രം മോർഫ് ചെയ്‌തു ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു കൊടുക്കുകയായിരുന്നു. കൂടാതെ യുവതിയെ മോശക്കാരിയാക്കാൻ വ്യാജ മേൽ വിലാസത്തിലും പേരുകളിലും നിന്ന് നിരന്തരം കത്തയച്ചുവെന്നുമാണ് കേസ്. നഗ്ന ഫോട്ടോ തയ്യറാക്കാൻ സഹായിച്ചതും വ്യാജ സിം ഡോക്ടർക്ക് എടുത്തു കൊടുത്തതും സീരിയൽ താരമായ ജസ്മീർ ഖാനാണ്. യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
യുവതിയുടെ മാതൃ സഹോദരിയുടെ മകനാണ് ഡോ. സുബു. യുവതിയുടെ കുടുംബ ജീവിതം തകർത്ത് തന്‍റെ വഴിക്ക് കൊണ്ടുവരാനായിരുന്നു ഡോക്ടറുടെ ശ്രമം. യുവതിക്കൊപ്പം പൊലീസിൽ പരാതി നൽകാനും മറ്റും ഒപ്പം പോയിരുന്നതും സുബുവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയാണ് ജസ്‌മീർ ഖാൻ എന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഐടി വകുപ്പ്, ആൾമറാട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.