തിരുവനന്തപുരം: കുടിശ്ശിക തീർത്തില്ലെങ്കിൽ വൈദ്യുതി നൽകില്ലെന്ന എൻടിപിസിയുടെ അന്ത്യശാസനം ശരിയായ നിലപാടല്ലെന്ന് മന്ത്രി എം.എം. മണി. കരാർ അടിസ്ഥാനത്തിലും നിയമപരമായും ശരിയായ നിലപാടല്ല എൻടിപിസിയുടേത്. പ്രശ്നം പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. എൻടിപിസിക്ക് 100 കോടിയാണ് കുടിശ്ശികയിനത്തിൽ കേരളം നൽകാനുള്ളത്. ഇത് കെഎസ്ഇബി തന്നെ നൽകണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ഈ വർഷം ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഷാഫി പറമ്പിൽ എംഎൽഎയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. വേനൽക്കാലത്ത് ഉണ്ടാകാനിടയുള്ള വർധിച്ച വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് ഗ്രിഡ് മുഖേനയും ദീർഘകാല കരാറുകൾ മുഖേനയും വൈദ്യുതി വാങ്ങും. വൈദ്യുതി നിരക്കിൽ മാറ്റം വരുത്തുവാനുള്ള നിർദേശങ്ങൾ റഗുലേറ്ററി കമ്മീഷന് നൽകിയിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.