തിരുവനന്തപുരം: പ്രവർത്തകരുടെ തെറ്റായ പ്രവണതകൾ ഒരിക്കലും വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിരുദ്ധവും ജനങ്ങൾ അംഗീകരിക്കാത്തതുമായ പ്രവർത്തനങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടർ ഭരണത്തിൻ്റെ സാഹചര്യത്തിൽ പ്രത്യേക ജാഗ്രതയോടെ പാർട്ടി പ്രവർത്തനം നടത്തണം. തെറ്റ് കണ്ടാൽ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിച്ച് മുന്നോട്ട് പോകും. സമീപകാലത്ത് പാർട്ടി പ്രവർത്തകർ ഉൾപ്പെടുന്ന വിവാദങ്ങൾ പരിശോധിക്കാണ് സിപിഎം ഇത്തരമൊരു നിലപാട് എടുത്തിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി പാർട്ടി പ്രവർത്തകർക്ക് ആവശ്യമായ പ്രവർത്തന രേഖ തയ്യാറാക്കിയതായും എം വി ഗോവിന്ദൻ പറഞ്ഞു. ഓരോരുത്തർക്കുമുണ്ടായ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണം. വെള്ളം കടക്കാനാകാത്ത അറകളുള്ള കമ്പാർട്ട്മെൻ്റല്ല പാർട്ടി. അംഗീകരിക്കാത്തതിനെ ഇടപെടലിലൂടെ തിരുത്തിയിട്ടുണ്ട്. ഇത് കർശനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാറിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നയത്തിനെതിരെ ജനുവരി 20 മുതൽ 31 വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. റബർ കർഷകർക്കെതിരായ കേന്ദ്ര സർക്കാരിന്‍റെ നയത്തിനെതിരെ കർഷകരുടെ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.