തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച് സർക്കാരിനെ സമ്മർദത്തിലാക്കി ആവശ്യങ്ങൾ നേടാമെന്ന സ്വകാര്യ ബസുടമകൾ കരുതേണ്ടെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. നിരക്ക് വർധന സർക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അര്‍ധരാത്രി മുതലാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് വര്‍ധനയാണ് ആവശ്യം. ബസുടമകളുടെ സംയുക്ത സമര സമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്
നിരക്ക് വര്‍ധനയുടെ തത്വത്തിലുള്ള തീരുമാനം മാത്രമാണ് ഇനി വരാനുള്ളതെന്ന് ആന്‍റണി രാജു പറഞ്ഞു. ബസ് ചാർജ് വർധനവും ഓട്ടോ-ടാക്സി നിരക്ക് വർധനവും സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഒരുമിച്ച് എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യം ബസ് ഉടമകളെയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബസുടമകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിലേക്ക് പോകരുതെന്ന് ആന്‍റണി രാജു ആവശ്യപ്പെട്ടു.
പണിമുടക്കി എന്നതുകൊണ്ട് ബസ് ചാർജ് വർധനവ് നേരത്തെ നടക്കില്ല. അനാവശ്യമായ ഈ സമരത്തിൽ നിന്ന് ബസുടമകൾ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമവായത്തിനുള്ള എല്ലാ ശ്രമവും നടത്തും. എന്നിട്ടും സമരവുമായി മുന്നോട്ട് പോവുകയാണെങ്കിൽ സർക്കാർ അതിനെ നേരിടും.
സമരമുണ്ടായാൽ കെഎസ്ആർടിസിക്ക് അധിക സർവീസുകൾ നടത്തുന്നതിന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് ഇന്ധനം നൽകുന്നതിനുള്ള നിരക്ക് വർധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. അടുത്തമാസം നാലിന് കേസ് പരിഗണിക്കുമെന്നും ആന്‍റണി രാജു പറഞ്ഞു.
ALSO READ: ബസ് ചര്‍ജ് വര്‍ധന; സ്വകാര്യ ബസുടമകളുടെ സമരം ഇന്ന് അര്‍ധരാത്രി മുതല്‍