തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന വിദേശമലയാളികള്‍ക്ക് നോര്‍ക്ക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡൻ്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍. വിദേശത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ചേകാല്‍ ലക്ഷം ആളുകള്‍ കേരളത്തിലേക്കു മടങ്ങുന്നതിന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നര ലക്ഷം ആളുകളെ വിദേശത്തു നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
അന്യ സംസ്ഥാനങ്ങളില്‍ കഴിയുന്നവരെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സ്വന്തമായി വാഹനത്തിലോ ഗ്രൂപ്പായി വാഹനം സംഘടിപ്പിച്ചു വരുന്നതിനോ ബുദ്ധിമുട്ടില്ല. എന്നാല്‍ എല്ലാറ്റിനും അതാത് സംസ്ഥാനങ്ങള്‍ യാത്രാനുമതി നല്‍കേണ്ടതുണ്ട്. പൊതു ഗതാഗത സംവിധാനം സാധ്യമാകും വരെ യാത്രകള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവരുടെ ഭാവി കണക്കിലെടുത്ത് മാത്രമേ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കാവൂ എന്ന് ഇ.ടി.വി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വരദരാജന്‍ പ്രവാസികളോട് അഭ്യര്‍ഥിച്ചു.