തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസില്‍ മുൻ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളാണ് കസ്റ്റംസ് പുറത്തുവിടുന്നത്. സ്വപ്ന സുരേഷുമായി ശിവശങ്കര്‍ ബന്ധപ്പെട്ടതിന്‍റെ കൂടുതല്‍ തെളിവുകളാണിവ. സ്വപ്നയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച കസ്റ്റംസ് ശിവശങ്കറിനെതിരെയും കുരുക്ക് മുറുക്കുകയാണ്. കേസിലെ ഒന്നാം പ്രതി സരിത്ത് ശിവശങ്കറിനെ 14 തവണ ഫോണില്‍ വിളിച്ചതിന്‍റെ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷ് ഒമ്പത് തവണ ശിവശങ്കറിനെ വിളിച്ചതായും ഫോണ്‍ വിളി രേഖകളില്‍ നിന്നും വ്യക്തമാണ്. സ്വപ്നയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ശക്തമായ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണിത്. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുമായും സ്വപ്‌ന നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
അതിനിടെ ശിവശങ്കര്‍ കസ്റ്റംസിന് മുന്‍പാകെ ചോദ്യം ചെയ്യലിനായി ഹാജരായി. തിരുവനന്തപുരത്തെ കസ്‌റ്റംസ് ഓഫീസിലാണ് ശിവശങ്കർ ഹാജരായത്. നേരത്തെ കസ്‌റ്റംസ് ഉദ്യോഗസ്ഥർ മുടവൻമുകളിലെ എം ശിവശങ്കറിന്‍റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്‍റെ വീട്ടില്‍ എത്തിയത്. നിലവിലെ സാഹചര്യത്തില്‍ ശിവശങ്കറിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഏറെ രാഷ്ട്രീയ മാനങ്ങളുള്ള കേസില്‍ ശിവശങ്കറിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുമുണ്ട്.
സ്വപ്ന സുരേഷ് കെ.ടി ജലീലുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുകളും പുറത്തു വന്നിരുന്നു. ജൂണ്‍ 24നും 26നും ഇടയില്‍ ഒമ്പത് തവവണ മന്ത്രി കെ.ടി ജലീലുമായി സ്വപ്ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ തെളിവുകളാണ് പുറത്തു വന്നത്. ജലീലിന്‍റെ പേഴ്‌സണല്‍ സ്റ്റാഫംഗവും കേസിലെ ഒന്നാം പ്രതി ശരത്തും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തു വന്നു. ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.ടി.ജലീല്‍ സമ്മതിച്ചു. യു.എ.ഇ കോണ്‍സുലേറ്റ് റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന വിളിച്ചതെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണ് സ്വപ്‌ന വിളിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. വിളിച്ചതിന്‍റെ സ്‌ക്രീന്‍ ഷോട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം കാണിച്ച് കോണ്‍സുലേറ്റ് ജനറല്‍ മന്ത്രിക്കയച്ച മെസേജുകളുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പുറത്ത് വിട്ടു. എന്നാല്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം സ്വപ്നയുമായും സരിത്തുമായും ബന്ധപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ച് പ്രതികരിക്കാമെന്നും മന്ത്രി അറിയിച്ചു. ആരോപണം ഉയര്‍ന്ന് മണിക്കുറുകള്‍ കഴിയും മുന്‍പായിരുന്നു മന്ത്രി മാധ്യമങ്ങളെ കണ്ടത്. കേസില്‍ അന്വേഷണം നടക്കെട്ടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.