തിരുവനന്തപുരം: വായുവില്‍ ചാടി പറക്കും, കാഴ്ച്ചയിൽ അണ്ണാൻ, കമ്പിളിപ്പുതപ്പ് പോലെ രോമങ്ങൾ, പുറത്തേക്ക് ഉരുണ്ട് തള്ളിയ കണ്ണുകൾ.. പലർക്കും സുപരിചിതനല്ലാത്ത പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡറെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നേരെ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിലേക്ക് പോന്നോളൂ...
ഷുഗർ ഗ്ലൈഡർ മാത്രമല്ല മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിന്‍റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, സ്വർണ മത്സ്യങ്ങൾ, വ്യത്യസ്‌ത ഇനം പൂച്ചകൾ, തത്തകൾ, ഇഗ്വാനകൾ തുടങ്ങി ആസ്വാദകർക്കായി ഇവിടെ ഒരുക്കിവെച്ചിരിക്കുന്നത് വൈവിധ്യങ്ങളുടെ അത്യപൂർവ പ്രദർശനമാണ്. നോംസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘമാണ് ദീപാവലിയോടാനുബന്ധിച്ച് നോംസ് ദീപാവലി ഫെസ്റ്റ് 2022 എന്ന പേരിൽ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പക്ഷികളെയും വർണമത്സ്യങ്ങളെയും ഓമന മൃഗങ്ങളെയും അണിനിരത്തി പ്രദർശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം വ്യാപാര - വിപണന സ്റ്റാളുകളും മേളയിലുണ്ട്. ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
10 വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ട് ആസ്വദിക്കുന്നതിനൊപ്പം ഇവയ്‌ക്കൊപ്പം സെൽഫിയെടുക്കുന്നതിനും അവസരമുണ്ട്. 70 രൂപ നൽകിയാൽ ബാൾ പൈത്തണിനൊപ്പം ചിത്രമെടുക്കാം.
മാക്കാവ് ഇന്നതിൽപ്പെട്ട തത്തകൾക്കൊപ്പം ചിത്രങ്ങളെടുക്കുന്നതിന് 50 രൂപയാണ്. രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. ഒക്‌ടോബർ 24 വരെ പ്രദർശനമുണ്ടാകും.